കോന്നി: കിഴക്കൻ മലയോര മേഖലയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് വേരുപിടിച്ച റബർ കൃഷി വ്യാപനം ഇനി പഴങ്കഥയാകുന്നു. മലകളും കുന്നുകളുമുള്ള കിഴക്കൻ മലയോര മേഖല , റബർ കൃഷിക്ക് അനുയോജ്യമായിരുന്നു . കഴിഞ്ഞ പത്തു വർഷങ്ങളായി ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ റബർ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. രാജ്യത്തെ സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 92.61 ശതമാനം കേരളത്തിലാണ്. മൊത്തം കൃഷിഭൂമിയുടെ 20.31 ശതമാനവും ഈ വൃക്ഷ വിള കൈയടക്കിയിരിക്കുന്നു. കൃഷി മലനാട്ടിലും ഇടനാട്ടിലും പതിറ്റാണ്ടുകളായി വ്യാപിക്കുകയായിരുന്നു. ഇതരവിളകളിൽ തെങ്ങിനെയാണ് റബർ ഏറ്റവും പിന്തള്ളിയത്. എന്നാൽ വില സ്ഥിരമായി കുറഞ്ഞുനിൽക്കുന്നതും, കർഷകർ ഇതര വിളകളിലേക്കു തിരിയുന്നതും സ്ഥലം തരിശിടുന്നതും വന്യ മൃഗശല്യവും റബർ കൃഷിവ്യാപനം മലയോര മേഖലയിൽ കുറയാൻ കാരണമായതായി കർഷകർ പറയുന്നു .
ഇത് കാർഷിക മേഖലയിൽ എന്നതുപോലെതന്നെ വ്യാവസായിക രംഗത്തും ആശങ്ക പടർത്തുന്നു. ഇറക്കുമതി വ്യാപകമായതിനാൽ സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം നേർപകുതിയായി കുറഞ്ഞ വർഷം കൂടിയാണിത്. കൃഷി പോഷിപ്പിക്കാൻ റബർ ബോർഡ് കൊണ്ടുപിടിച്ച് ശ്രമം നടത്തിയിട്ടും റബർ കൃഷി വ്യാപനത്തിൽ മലയോര മേഖലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ദീർഘകാല വൃക്ഷവിള ആയതിനാലാണ് പെട്ടെന്ന് ഈ കൃഷി നിലയ്ക്കാത്തത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ഒട്ടുമിക്ക റബർ തോട്ടങ്ങളും ടാപ്പിംഗ് നിലച്ച് കാടുപിടിച്ച് കിടക്കുകയാണ്. പ്ലാന്റേഷൻ കോർപ്പറേഷന്റെ റബർ തോട്ടങ്ങളിലും ഹാരിസൺ, എ വി ടി തുടങ്ങിയ സ്വകാര്യ തോട്ടങ്ങളിലും റബർ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണ്. ചെറുകിട റബർ തോട്ടങ്ങളിൽ വന്യമൃഗ ശല്യവും വിലയിടിവും മൂലം ടാപ്പിംഗ് കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |