കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ പേരുവാലി ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 15 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. തണ്ണിത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ മണ്ണീറ, എലിമുള്ളംപ്ലാക്കൽ വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങളുടെ ശുദ്ധജലക്ഷാമത്തിന് പദ്ധതിയിലൂടെ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പേരുവാലി വനഭാഗത്ത് കല്ലാറ്റിലെ തട്ടാത്തിക്കയത്തിന് സമീപം പമ്പ് ഹൗസും കിണറും നിർമ്മിച്ച് വിതരണ പൈപ്പുകൾ സ്ഥാപിക്കും. പേരുവാലി മുതൽ മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന് സമീപം വരെയും പേരുവാലി മുതൽ എലിമുള്ളം പ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വരെയും വനത്തിലൂടെ റോഡരികിലൂടെയാണ് വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത്.
വനം വകുപ്പിൽ നിന്ന് 64 സെന്റ് ഭൂമി വിട്ടുനൽകിയാണ് പമ്പ് ഹൗസ്, കിണർ എന്നിവ നിർമ്മിക്കുന്നത്. പദ്ധതിക്ക് വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. 2021 മുതൽ 2023 വരെ വിവിധ വർഷങ്ങളിൽ ലഭിച്ച പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഫണ്ടായ 2.12 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ അടങ്കൽ തുക 11.57 കോടി രൂപയാണ്. അടുത്തഘട്ടത്തിൽ വടക്കേമണ്ണിറ, എലിമുള്ളംപ്ലാക്കൽ എന്നിവിടങ്ങളിൽ സംഭരണിയും മണ്ണിറ സെൻട്രൽ ജംഗ്ഷൻ സമീപം ബൂസ്റ്റർ പമ്പ് ഹൗസും നിർമ്മിക്കും. ഇതിനായി പ്രദേശവാസികൾ സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്.. ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാകുന്നതോടെ മണ്ണീറ, എലിമുള്ളംപ്ലാക്കൽ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മണ്ണീറ, എലിമുള്ളംപ്ലാക്കൽ പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രവീൺ പ്ലാവിളയിൽ ( ബ്ലോക്ക് പഞ്ചായത്ത് അംഗം )
മണ്ണീറ, എലിമുള്ളംപ്ലാക്കൽ വാർഡുകൾക്ക് പ്രയോജനം.
വനം വകുപ്പിൽ നിന്ന് 64 സെന്റ് ഭൂമി വിട്ടുനൽകി
11.57 കോടി രൂപചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |