@ മഴക്കാലത്ത് രോഗം പടർന്നു
കോഴിക്കോട്: പെയ്തുതോരാത്ത മഴയിൽ മഞ്ഞളിപ്പ് രോഗം പടർന്നതോടെ ഇഞ്ചി കർഷകർക്ക് വൻ തിരിച്ചടി. മഴയിലും മഞ്ഞളിപ്പിലും ലക്ഷങ്ങളുടെ ഇഞ്ചിയാണ് നശിച്ചത്. വിളവെടുപ്പിൽ കനത്ത നഷ്ടം വന്നതോടെ വൻ തുക വായ്പയെടുത്ത് കൃഷി നടത്തിയ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലാണ് പ്രധാനമായും കൃഷി നാശം. ഏക്കർ കണക്കിന് കൃഷിയാണ് രോഗം ബാധിച്ച പ്രദേശങ്ങളിൽ നശിച്ചത്.
@ കർണാടകയിൽ നിന്ന് കേരളത്തിലേക്ക്
കർണാടകയിൽ കഴിഞ്ഞവർഷം മഞ്ഞളിപ്പ് രോഗബാധ വ്യാപകമായിരുന്നു. അതിന്റെ ഫലമായി കുടക്, മൈസൂർ ഭാഗങ്ങളിൽ വലിയതോതിൽ ഇഞ്ചികൃഷിയ്ക്ക് നാശമുണ്ടായിരുന്നു. അവിടെനിന്ന് അതിർത്തി മേഖലയായ വയനാട്ടിലെ മുള്ളൻകൊല്ലിയിലെ കൃഷിയിടങ്ങളിലേക്കും പിന്നീട് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലേക്കും രോഗബാധ എത്തിയെന്നാണ് കർഷകർ പറയുന്നത്. പൂവത്തുംചോല, കല്ലാനോട്, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം, കേളോത്ത് വയൽ, വട്ടച്ചിറ, എരപ്പാംതോട് എന്നിവിടങ്ങളിലെല്ലാം രോഗം വ്യാപിച്ചിട്ടുണ്ട്.
@ രോഗബാധ ഇങ്ങനെ
പൈറുക്കുലേറിയ എന്ന കുമിളാണു രോഗകാരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസത്തോളം പ്രായമായ ചെടികളിലാണ് രോഗം വ്യാപിച്ചതായി കണ്ടത്. ഫംഗസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ചെടി നശിക്കുകയാണ്. ഇലകളുടെ അഗ്രഭാഗത്ത് പുള്ളികളും നിറ വ്യത്യാസവുമാണ് ആദ്യ ലക്ഷണം. പിന്നീട് എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും വ്യാപിക്കും. ചെടികൾ ഇതോടെ മഞ്ഞനിറത്തിലാകും. ഫംഗസ് വ്യാപനം വേഗത്തിലാകുന്നതോടെ ഇലകൾ ഉണങ്ങി വീഴുകയും രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കുകയും ചെയ്യും.
''തുടർച്ചയായ മഴയും ഇഞ്ചിയുടെ ഇലകളിൽ ഈർപ്പം നിൽക്കുന്നതും രോഗവ്യാപനത്തിന് കാരണമായി. രോഗബാധയുള്ള സ്ഥലങ്ങളിൽ താത്ക്കാലികമായി കൃഷി ഒഴിവാക്കണം. നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കും"". കൃഷി വകുപ്പ് അധികൃതർ
''കുമിൾ രോഗം പെട്ടെന്ന് തന്നെ വ്യാപിക്കുകയും കൃഷി നശിക്കുകയുമാണ്. കൃഷി നാശം സംഭവിച്ച് നഷ്ടം നേരിട്ടവർക്ക് ധനസഹായം അനുവദിക്കാൻ നടപടിയുണ്ടാവണം.""ടി.ധർമ്മൻ, ഇഞ്ചി കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |