സ്‌മാർട്ട് റോഡിലെ സ്വീവേജ് ലൈനുകൾക്ക് അരനൂറ്റാണ്ട് പഴക്കം
തിരുവനന്തപുരം: കോടികൾ ചെലവിട്ട് തലസ്ഥാന നഗരത്തിൽ നിർമ്മിച്ച സ്‌മാർട്ട് റോഡിൽ സ്വീവേജ് ലൈൻ പൊട്ടിയാൽ ഇനിയും വെട്ടിപ്പൊളിക്കേണ്ടിവരും. അറ്റകുറ്റപണിക്കായി സ്‌മാർട്ട് റോഡുകൾ കുഴിക്കില്ലെന്ന പ്രഖ്യാപനം ഇതോടെ വെറുംവാക്കായി.
റോഡിന് അടിയിലൂടെ കടന്നുപോകുന്ന സ്വീവേജ് ലൈനുകളിൽ ഏതുനിമിഷവും ചോർച്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ തന്നെ പറയുന്നു. 50 വർഷത്തിലധികം കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടിയാൽ അറ്റകുറ്റപ്പണിക്ക് റോഡുകൾ കുഴിക്കാതെ മറ്റു മാർഗങ്ങളില്ല. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ കൊത്തുവാൾ തെരുവിന് എതിർവശത്ത് റോഡിന്റെ മദ്ധ്യഭാഗമാണ് കുത്തിപ്പൊളിച്ചത്. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകൾ നിർമ്മിച്ചിട്ടുണ്ടെന്ന പ്രഖ്യാപനവും ഇതോടെ വെറുതെയായി.
ഒറ്റ റോഡിന് മാത്രം
ശാപമോക്ഷം
നിലവിൽ സ്‌മാർട്ട് റോഡായ കലാഭവൻ മണി റോഡിൽ 180 മീറ്റർ സ്വീവേജ് ലൈൻ മാറ്റി സ്ഥാപിച്ചിരുന്നു. അതുകൊണ്ട് ഇവിടെ സ്വീവേജ് ലൈനിൽ ചോർച്ചയുണ്ടായാൽ റോഡ് പൊളിക്കേണ്ടിവരില്ല. ഡക്ടിലൂടെ ഇറങ്ങി പ്രശ്‌നം പരിഹരിക്കാം. മറ്റ് സ്‌മാർട്ട് റോഡുകളുടെ അടിയിൽ കൂടി കാലപ്പഴക്കം ചെന്ന പൈപ്പുകളുള്ള സ്വീവേജ് ലൈൻ കടന്നുപോകുന്നുണ്ട്.
അധിക തുകയാകുന്നതിനാൽ മാറ്റിയില്ല
സ്‌മാർട്ട് റോഡ് നിർമ്മാണത്തിന് മുമ്പുതന്നെ കാലപ്പഴക്കം ചെന്ന സ്വീവേജ് പൈപ്പ് ലൈൻ മുഴുവൻ മാറ്റിസ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ അത് ചെയ്യണമെങ്കിൽ നിർമ്മാണത്തിനേക്കാൾ അധിക തുകയാകും. ഒരു വാർഡിൽ സ്വീവേജ് ലൈൻ മാറ്റിസ്ഥാപിച്ച് കണക്ഷൻ ചെയ്യണമെങ്കിൽ 100 കോടി രൂപയോളമാകും. വൻ തുകയാകുമെന്നതിനാലാണ് സ്‌മാർട്ട് റോഡിന് അടിയിലൂടെയുള്ള സ്വീവേജ് ലൈൻ മാറ്റാതെ റോഡ് നിർമ്മിച്ചത്.
കുഴിക്കുന്നതും റിസ്‌ക്
നിലവിൽ സ്വീവേജ് ലൈനിൽ പൊട്ടലോ ചോർച്ചയോ ഉണ്ടായാൽ പൈപ്പ് പൊട്ടിയ ഭാഗത്തെ മണ്ണ് മാറ്റണമെങ്കിൽ അടിയിലൂടെയുള്ള കേബിളുകൾ വെല്ലവിളിയാണ്. ഭൂമിക്കടിയിലൂടെ പോകുന്ന വൈദ്യുതി,ടെലിഫോൺ കേബിളുകൾക്ക്
കേടുപാട് ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.
അട്ടക്കുളങ്ങരയിൽ നവരാത്രിക്ക്
മുമ്പേ പൈപ്പ് പൊട്ടി
നിലവിൽ പണി നടക്കുന്ന അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിലെ കൊത്തുവാൾ തെരുവിൽ പൈപ്പ് പൊട്ടിയത് നവരാത്രിക്ക് മുമ്പാണ്. എന്നാൽ റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതുകൊണ്ട് ജോലികൾ നടന്നില്ല. നിലവിൽ ഒരാഴ്ച കൂടി പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി ജോലികൾ നീളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |