കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നു വിതരണവും ശസ്ത്രക്രിയകളും മുടങ്ങിയതോടെ രോഗികൾ വലയുന്നു. ഹൃദയ ശസ്ത്രക്രിയ ചികിത്സതേടിയെത്തുന്ന രോഗികളെ ഉപകരണമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സ്ഥിതി തുടരുകയാണ്.
ശസ്ത്രക്രിയയ്ക്ക് തിയതി ലഭിച്ചവർക്ക് ഭീമമായ തുക നൽകി ഉപകരണങ്ങൾ പുറമെ നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായതോടെ കാത്ത് ലാബ് താത്കാലികമായി അടച്ചു. സ്റ്റെന്റും അനുബന്ധ ഉപകാരണങ്ങളും ഇല്ലാത്തതിനാൽ കഴിഞ്ഞ പത്തു ദിവസമായി നടക്കേണ്ടിയിരുന്ന ആൻജിയോഗ്രാമും ആൻജിയോ പ്ലാസ്റ്റിയും മാറ്റിവെച്ചിരിക്കുകയാണ്. നാല് പേസ്മേക്കർ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഈ ദിവസങ്ങളിൽ നടന്നത്.
മെഡിക്കൽ ഉപകരണ വിതരണക്കാരുമായി ഡി.എം.ഇ നടത്തിയ ചർച്ചയിൽ പണം നൽകാൻ തീരുമാനമായിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ സമരം കടുപ്പിക്കാനാണ് വിതരണക്കാരുടെ സംഘടനയായ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |