പദ്ധതിയിൽ വീട് അനുവദിച്ചത് - 42,677 ഗുണഭോക്താക്കൾക്ക്
നിർമാണം പൂർത്തിയായത് - 34,723 വീട്
നിർമാണത്തിലുള്ളത് - 8,032 വീട്
സർക്കാർ ചെലവഴിച്ചത് - 522.67 കോടി രൂപ
കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിൽ ജില്ലയിൽ ഇതുവരെ 34,723 വീടുകൾ പൂർത്തിയായി. ലൈഫ് പദ്ധതിയിൽ ജില്ലയിൽ ധനസഹായം അനുവദിക്കാൻ സംസ്ഥാന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. 6,641 ഗുണഭോക്താക്കളെ കണ്ടെത്തിയതിൽ 6,484 വീടുകളും പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 5,219 ഗുണഭോക്താക്കളിൽ 5,147 പേരുടെ വീട് നിർമാണം പൂർത്തീകരിച്ചു. എസ്.സി/എസ്.ടി/ഫിഷറീസ് തുടങ്ങിയ വകുപ്പുകളിലൂടെ 2,192 വീടുകളും പൂർത്തീകരിച്ചു. മൂന്നാംഘട്ടത്തിലെ ഭൂരഹിതഭവനരഹിത ഗുണഭോക്താക്കളിൽ ഉൾപ്പെട്ട 927 പേർക്ക് ഭൂമി ലഭ്യമാക്കുകയും 688 വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. ലൈഫ് പട്ടികയിൽ ഉൾപ്പെടാതെ പോയ എസ്.സി/എസ്.ടി/ഫിഷറീസ് ഗുണഭോക്താക്കളെ കണ്ടെത്തി അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ 2,743 ഗുണഭോക്താക്കൾ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേർപ്പെടുകയും 2,152 വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.
അതിദരിദ്ര വിഭാഗത്തിൽ സമ്പൂർണത
ഭൂമി സ്വന്തമായുള്ള അതിദരിദ്ര വിഭാഗത്തിലെ 650 ഗുണഭോക്താക്കളിൽ 649 പേർക്കും വീടനുവദിക്കുകയും 578 എണ്ണത്തിന്റെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. അതിദരിദ്ര വിഭാഗത്തിലെ ഭൂമി സ്വന്തമായില്ലാത്ത 330 ഗുണഭോക്താക്കളെയാണ് ജില്ലയിൽ കണ്ടെത്തിയത്. ഇതിൽ 247 പേർക്ക് ഭൂമി കണ്ടെത്തി രജിസ്റ്റർ ചെയ്തു നൽകി. 230 പേരുടെ വീട് നിർമാണത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേർപ്പെടുകയും 162 വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ബാക്കി 83 ഗുണഭോക്താക്കളിൽ 61 പേർക്ക് റവന്യൂ ഭൂമി നൽകുകയും 22 പേർക്ക് തദ്ദേശസ്ഥാപനം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എന്നിവയിലൂടെ ധനസഹായം അനുവദിക്കുകയും ചെയ്തു.
ഗ്രാമങ്ങളിൽ പി.എം.എ.വൈ റൂറൽ
ഗ്രാമപ്രദേശങ്ങളിൽ കേന്ദ്രസർക്കാരിൻറെ പി.എം.എ.വൈ റൂറൽ പദ്ധതിയിൽ 4,998 ഗുണഭോക്താക്കളുമായി കരാറുണ്ടാക്കിയതിൽ 2,363 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പി.എം.എ.വൈ ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 10,389 ഗുണഭോക്താക്കൾ കരാർ വെച്ചതിൽ 8,515 വീടുകളുടെ നിർമാണവും പൂർത്തീകരിച്ചു. ഭൂരഹിത ഗുണഭോക്താക്കൾക്ക് സുമനസുകളുടെ സഹായത്തോടെ ഭൂമി ലഭ്യമാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ ജില്ലയിൽ 100.75 സെന്റ് ഭൂമി ലഭ്യമായി. 44 കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |