ആലക്കോട്:കഴിഞ്ഞ മാസം 25നാണ് നടുവിൽ കോട്ടമലയിലേക്കുള്ള റോഡരികിൽ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി.ചെളിയിൽ പൂണ്ടതിനാൽ മൃതദേഹം ആദ്യമൊന്നും ആളുകളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.
രാത്രി ഫോണിൽ സൗഹൃദത്തിൽ പ്രജുലിനെ വിളിച്ചുവരുത്തുകയായിരുന്നു പ്രതികൾ. ലഹരി വില്പന സംബന്ധിച്ച് വിവരം നൽകിയെന്നാരോപിച്ച് കുളത്തിനടുത്തുവച്ച് പ്രജുലും പ്രതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. തുടർന്നുണ്ടായ അടിപിടിയിൽ പ്രജുലിന് പരിക്കേറ്റു. പിന്നാലെ പ്രജുലിനെ കൈയും കാലും പിടിച്ച് റബ്ബർതോട്ടത്തിന് നടുക്കുള്ള കുളത്തിലേക്ക് മിഥിലാജും ഷാക്കിറും ചേർന്ന് വലിച്ചെറിയുകയായിരുന്നു. കുളത്തിൽ വീണ പ്രജുൽ ചെളിയിൽ ആണ്ടുപോകുയായിരുന്നു.
കൊലപാതകത്തിന് ശേഷം ഷാക്കിറിന്റെ വീട്ടിൽ എത്തിയ ഇരുവരും കുളിച്ച് നടുവിലിലെ കള്ളുഷാപ്പിൽ ചെന്ന് കള്ളുകുടിക്കുകയും ചെയ്തു. വൈകാതെ പ്രജുലിനെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ തുടങ്ങി. കുളത്തിന് സമീപത്തും തിരച്ചിൽ നടത്തിയെങ്കിലും ചെളിയിൽ പൂണ്ട മൃതദേഹം കണ്ടെത്തിയത് ഏറെ വൈകിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് പ്രജുലിന്റെ മൃതദേഹം സംസ്കരിക്കുമ്പോൾ മിഥിലാജും ഷാക്കിറും സ്ഥലത്ത് സജീവമായിരുന്നു.
നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ പ്രജുലിന് മർദനമേറ്റപാടുകൾ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സംബന്ധിച്ച സൂചനകളുണ്ടായതിനെ തുടർന്നാണ് പൊലീസ് സമഗ്ര അന്വേഷണം നടത്തിയത്. പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതിയും നൽകിയിരുന്നതാണ്.
കൃത്യത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞുവെന്ന് മനസിലായതോടെ ഷാക്കിർ രാമന്തളിയിൽ ഗൂഡ്സ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഷാക്കിറിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഈയാളുടെ മാതാവിനെ വിളിച്ച് ഷാക്കീർ എവിടെയാണെന്ന് പൊലീസ് അന്വേഷിച്ചു. ഇക്കാര്യം മാതാവ് വിളിച്ചുപറഞ്ഞതോടെ പൊലീസ് തന്റെ പങ്ക് തിരിച്ചറിഞ്ഞതായി ഷാക്കിർ ഉറപ്പിക്കുകയായിരുന്നു. പലയിടങ്ങളിലായി ഒളിച്ചുകഴിഞ്ഞ ഇയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ മേൽനോട്ടത്തിൽ കുടിയാന്മല സി ഐ.എം.എൻ.ബിജോയി നടത്തിയ സമർത്ഥമായ അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്. എസ്.ഐ കെ.കെ.രാധാകൃഷ്ണൻ, എ.എസ്.ഐ സജിമോൻ, സീനിയർ സി പി.ഒ കെ.കെ.കൃഷ്ണൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
മയക്കുമരുന്ന് മാഫിയ സജീവം
നടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ഇവർക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. പ്രജുലിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യമുയർത്തിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |