കൊച്ചി: എസ്.എൻ കോളേജുകളുടെ മാനേജരായ വെള്ളാപ്പള്ളി നടേശനിൽ നിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കണമെന്ന കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മാനേജ്മെന്റിന്റെ സ്വത്തു ജപ്തി ചെയ്ത് 55 ലക്ഷം രൂപ ഈടാക്കണമെന്ന ഉത്തരവിനെതിരെ വെള്ളാപ്പള്ളി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
അച്ചടക്ക നടപടിയുടെ ഭാഗമായുള്ള കുറ്റാരോപണ മെമ്മോയ്‌ക്കും സസ്പെൻഷനുമെതിരെ ചാത്തന്നൂർ എസ്.എൻ കോളേജിലെ അസി. പ്രൊഫസർ ഡോ. പി.ജി. ഭവശ്രീ നൽകിയ ഹർജിയിലാണ് ട്രൈബ്യൂണൽ നഷ്ട പരിഹാര ഉത്തരവിറക്കിയത്. സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ മാനേജ്മെന്റിന്റെ ഹർജിയിൽ, യൂണി. അപ്പലേറ്റ് ട്രൈബ്യൂണലിന് നഷ്ടപരിഹാരം വിധിക്കാനുള്ള അധികാരമില്ലെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ട്രൈബ്യൂണൽ തുടർ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജർ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയത്.
സർവകലാശാലാ നിയമപ്രകാരം, അച്ചടക്ക നടപടിയിൽ അന്വേഷണം പൂർത്തിയാക്കി തീരുമാനമെടുക്കുന്നതിന് മുമ്പ് അപ്പലേറ്റ് ട്രൈബ്യൂണലിന് ഇടപെടാനാകില്ലെന്ന് ഹർജിക്കാർ വാദിച്ചു. അതിനാൽ പരാതിക്കാരിയുടെ ഹർജി തന്നെ നിലനിൽക്കില്ല. നഷ്ടപരിപരിഹാര വിധി നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടി. വിഷയം 2026 ജനുവരി 12ന് വീണ്ടും പരിഗണിക്കാൻ മാറ്റി. കോളേജ് മാനേജ്മെന്റിന് വേണ്ടി അഡ്വ.എ.എൻ. രാജൻബാബു, അഡ്വ. എ.ആർ. ഈശ്വർലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |