ആലപ്പുഴ: രണ്ടാം കൃഷിയുടെ കൊയ്ത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ, തുലാവർഷത്തിന്റെ തുടക്കത്തിൽ തന്നെ അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാട്ടിലെ കർഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ, പാകമായിവന്ന നെൽച്ചെടികൾ വീണത് കൊയ്ത്ത് ദുഷ്കരമാക്കും. വരുന്ന ആഴ്ച കൊയ്ത്ത് നിശ്ചയിച്ചിരുന്ന പള്ളാത്തുരുത്തി പാടത്ത് മഴയിൽ നെല്ല് വീണത് തിരിച്ചടിയായി. ഇതുകൂടാതെ വെളിയനാട്, മുട്ടം, എടത്വ കൃഷി ഭവൻ പരിധികളിലെ ചില പാടങ്ങളിലും നെൽച്ചെടികൾ വീണിട്ടുണ്ട്.
കാലവർഷം നേരത്തെ ആരംഭിച്ചതിനാൽ ജൂണിൽ ആരംഭിക്കേണ്ട രണ്ടാം കൃഷി ഒരുമാസത്തിലേറെ വൈകിയതാണ് കുട്ടനാട്ടിലെ ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. സെപ്തംബറിൽ ആരംഭിച്ച് ഒക്ടോബർ അവസാനത്തോടെ കൊയ്ത്ത് പൂർത്തിയാക്കേണ്ടിടത്താണ് ഇപ്പോൾ കൊയ്ത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. വരും ദിവസങ്ങളിലും തീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ മഴ കനക്കുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിക്കുകയും ചെയ്താൽ ബണ്ടുകൾ തകരുകയും ഇത് വൻ കൃഷി നാശത്തിന് വഴിവയ്ക്കുകയും ചെയ്യും.
പുഞ്ചവിതയ്ക്കും ഭീഷണി
1.കാലവർഷം പിൻവാങ്ങുന്നതിന്റെയും തുലാവർഷാരംഭത്തിന്റെയും ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും പല പാടങ്ങളുടെയും പുറം ബണ്ടുകളെ അപകടാവസ്ഥയിലാക്കി. വേലിയേറ്റത്തിൽ പലയിടത്തും ബണ്ടുകൾ തകരുന്ന സ്ഥിതിയുണ്ട്
2.രണ്ടാം കൃഷിയുടെ കൊയ്ത്തിനൊപ്പം പുഞ്ച കൃഷിക്കായി വിതയ്ക്കൊരുക്കിയതും വിതച്ചതുമായ പാടങ്ങൾക്കും തുലാവർഷവും വേലിയേറ്റവും ഭീഷണിയായിട്ടുണ്ട്. വെളിയനാട്, വാഴപ്പള്ളി കൃഷി ഭവൻ പരിധികളിൽ വരുന്ന ഓടേറ്റി തെക്ക് ബ്ളോക്കിലെ 556 ഏക്കർ പാടശേഖരത്തിൽ ഏതു നിമിഷവും മട വീഴാമെന്ന സ്ഥിതിയാണ്
3.ആലപ്പുഴ - ചങ്ങനാശേരി ബോട്ട്ചാൽ, മുട്ടാർ - നീലംപേരൂർ തോട്, പറാ- കുമരങ്കരി നാട്ടുതോട് എന്നിവയുടെ ബണ്ടുകളുടെ ബലക്ഷയമാണ് പ്രധാന പ്രശ്നം. പാടത്തിന്റെ പുറം ബണ്ടുകൾ ചെളിയും മണ്ണും കുത്തിയും ചാക്കുകളിൽ മണ്ണ് നിറച്ചും ബലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |