മാന്നാർ: ഭാരതാംബയുടെ ചിത്രം കത്തിച്ച ദൃശ്യം സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന് കാട്ടി നൽകിയ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തു. ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ഭവനസന്ദർശനത്തിൽ വിതരണം ചെയ്ത ഭാരതാംബയുടെ ചിത്രം പതിച്ച ലഘുലേഖ കത്തിക്കുന്ന ദൃശ്യം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാന്നാർ കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡ് സ്വദേശിനി ഗീതു ഉണ്ണികൃഷ്ണനെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്. ഇതിലൂടെ മനപൂർവം മതവികാരം വ്രണപ്പെടുത്താനും സാമൂഹത്തിൽ കലാപത്തിനും സംഘർഷത്തിനും ആഹ്വാനം ചെയ്യുന്നതായി മാന്നാർ വലിയകുളങ്ങര തോപ്പിൽ മിഥുൻ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സെപ്തംബർ 8 ന് ഗീതു ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമടക്കം അടുത്ത ദിവസം മിഥുൻ കൃഷ്ണൻ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് മിഥുൻ നൽകിയ പരാതി ഒക്ടോബർ 18 ന് മാന്നാർ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇതിനിടെ സമൂഹമാദ്ധ്യമത്തിലെ പോസ്റ്റ് ഗീതു ഉണ്ണികൃഷ്ണൻ നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |