ഡി.പി.ആർ തയ്യാറായി
പദ്ധതി രണ്ട് ഘട്ടമായി
കോഴിക്കോട്: പലവിധ തടസങ്ങളിൽ നിലച്ചുപോയ കോഴിക്കോട് ബയോളജിക്കൽ പാർക്ക് പദ്ധതിയ്ക്ക് ജീവൻ വയ്ക്കുന്നു. പെരുവണ്ണാമൂഴി വനം റെയ്ഞ്ചിലെ മുതുകാട് ആരംഭിക്കുന്ന പാർക്കിന്റെ (ടെെഗർ സഫാരി പാർക്ക്) ഡി.പി.ആർ തയ്യാറായി. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായുളള ജയ്ൻ ആൻഡ് അസോസിയേറ്റ്സ് എന്ന കൺസൾട്ടൻസിയാണ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ വിശദ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. കോഴിക്കോട് ഡിവിഷന്റെ വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്തി പുതുക്കിയ വർക്കിംഗ് പ്ലാനിന് അംഗീകാരം ലഭിക്കുന്നതിന് നടപടികൾ ആരംഭിച്ചു. രണ്ട് വർഷത്തിനകം ഒന്നാം ഘട്ട പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട പ്രവൃത്തി തുടങ്ങാൻ ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയ്ക്കായി നടപടി ആരംഭിച്ചു. പരിക്കേറ്റ നിലയിലും മറ്റും പിടികൂടുന്ന മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സിക്കാനുമായി ആനിമൽ ഹോസ്പൈസ് സെന്റർ ബയോളജിക്കൽ പാർക്കിന് അനുബന്ധമായി ആരംഭിക്കും. ഇതിന് 1.68 കോടി അനുവദിച്ചു. ദേശീയ വന്യജീവി ബോർഡ്, ദേശീയ കടുവ സംരക്ഷണ അതോറിറ്റി ,കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതി ലഭിക്കാനുണ്ട്.
പാർക്കിൽ ഇവയെല്ലാം
പ്രവേശന കവാടത്തിനരികെ ടിക്കറ്റ് കൗണ്ടർ, പാർക്കിംഗ്, ഇൻഫർമേഷൻ സെന്റർ, ഇന്റർപ്രറ്റേഷൻ സെന്റർ, ബയോ റിസോഴ്സ് പാർക്ക്, ലഘു ഭക്ഷണശാല, ടോയ്ലറ്റ് ബ്ലോക്ക്, ഓഫീസ്, താമസ കെട്ടിടങ്ങൾ .രണ്ടാമത്തെ ഘട്ടത്തിൽ വന്യമൃഗ സംരക്ഷണ കേന്ദ്രം, വെറ്ററിനറി ആശുപത്രി സൗകര്യങ്ങൾ, ഇന്റർപ്രറ്റേഷൻ സെന്റർ എന്നിവ ഉൾപ്പെടും.15.5 കോടി രൂപയാണ് ചെലവ്.
ടൈഗർ സഫാരി പാർക്ക് ബയോളജിക്കൽ പാർക്കായി
2023ൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ നടപ്പിലാക്കുന്നത്.
വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് നേരത്തേ ലീസിന് നൽകിയിരുന്ന സ്ഥലത്തിൽ 125 ഹെക്ടറോളം സ്ഥലം പാർക്കിനായി കണ്ടെത്തി. 2024 ൽ ടൈഗർ സഫാരി പാർക്കിനായി സ്പെഷ്യൽ ഓഫീസറെ നിയോഗിക്കുകയും കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ ഓഫീസർ തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമുഴി റിസർവോയറിലേക്കെത്താൻ ഉപയോഗിക്കുന്ന സഞ്ചാരപാതകളുണ്ട്. ഇവർക്ക് തടസം സൃഷ്ടിക്കാതെയാണ് പദ്ധതി നടപ്പിലാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |