കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ ഓഫീസ് സെക്രട്ടറി സി. ശ്രീനിവാസന് പാർട്ടിയുടെ ആദരം. ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിരമായ അഴീക്കോടൻ മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ ശ്രീനിവാസൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. തുടർന്ന് നിറപുഞ്ചിരിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീനിവാസന്റെ കൈ പിടിച്ചുയർത്തി അഭിവാദ്യം ചെയ്തപ്പോൾ നീണ്ട കൈയടിയാണ് സദസ്സിൽ നിന്നും ഉയർന്നത്. ശ്രീനിവാസൻ മുഷ്ടി ചുരുട്ടി അഭിവാദ്യം സ്വീകരിച്ചതും വേറിട്ട അനുഭവമായി.
സ്വാഗത പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഓഫീസ് സെക്രട്ടറിയായുള്ള ശ്രീനിവാസന്റെ പ്രവർത്തനത്തെ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു.
1970 മുതൽ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ശ്രീനിവാസൻ ജില്ലയിൽ ഓരോ ദിവസവും ഉണ്ടാവുന്ന സംഭവ വികാസങ്ങൾ തന്റെ സ്വന്തം കൈപ്പടയിൽ ഇൻഫർമേഷൻ ബുക്കിൽ കുറിച്ചതും രാഗേഷ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. അതിൽ കോളേജ് കാമ്പസുകളിൽ എസ്.എഫ്.ഐക്കുണ്ടായ വിജയം മുതൽ പാർട്ടി പ്രവർത്തകർക്ക് പൊലീസിൽ നിന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന മർദ്ദനങ്ങൾവരെ കുറിപ്പായി എഴുതിവെച്ചിട്ടുണ്ട്. പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിലും ശ്രീനിവാസൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ശ്രീനിവാസന് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ച അംഗീകാരം ജില്ലയിലെ പാർട്ടി പ്രവർത്തകർക്കും പാർട്ടിയെ സ്നേഹിക്കുന്നവർക്കുമുള്ള അംഗീകാരം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |