ഇടുക്കി : ഇടുക്കി ചിറകുള്ള വിസ്മയങ്ങളുടെ പറുദീസയെന്ന് വനം പരിസ്ഥിതി സംയുക്ത സർവ്വെ. തിരുവിതാംകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും സംസ്ഥാന വനം വന്യ ജീവി വകുപ്പും സംയുക്തമായി ഇടുക്കി വന്യജീവി സങ്കേതത്തിൽ നടത്തിയ നാലു ദിവസത്തെ സർവ്വെയിലാണ് നയനാനന്ദ വിസ്മയങ്ങളുടെ കലവറയാണ് ഇടുക്കിയെന്ന് കണ്ടെത്തിയത്. മലമുഴക്കി വേഴാമ്പൽ, ചിത്രാംഗദൻ മരംകൊത്തി, കാട്ടുവേലി തത്ത, തീകാക്ക പക്ഷികുല താരങ്ങളെയാണ് വനത്തിനുള്ളിൽ കണ്ടെത്തിയിട്ടുള്ളത്. വലുപ്പത്തിൽ അൽപം ചെറുതാണെങ്കിലും സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത പഞ്ചനേത്രി, വനദേവത, ഗരുഡശലഭം, ബുദ്ധമയൂരി, പൊന്തചാടൻ, മണ്ടവരയൻ ശരവേഗൻ, കുഞ്ഞിവാലൻ, പൊട്ടുവാലാട്ടി, കരിനീലകടുവ നീലരാജൻ, നവാബ് മഞ്ഞപാപ്പാത്തി എന്നിവയാണ് ഇടുക്കിയുടെ പുതിയ ശലഭറാണിമാർ. വനം ജീവനക്കാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുടെ 60 അംഗ സംഘവുമാണ് വനത്തിൽ സർവ്വെ നടത്തിയത്. തിരുവിതാംകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയെക്കൂടാതെ ബി ബി സി ബാംഗ്ലൂർ, എഫ് ഇ ആർ എൻ വയനാട്, റ്റി എൻ ബി എസ് കോയമ്പത്തൂർ സംഘടനകളും സർവ്വെയ്ക്കുണ്ടായിരുന്നു. ഇടുക്കി വന്യ ജീവി സങ്കേതം വാർഡൻ പി.യു. സാജു സാമൂഹ്യ വനവൽക്കരണ വിഭാഗം ഡിഎഫ്ഒ സാബി വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാരംഭ ഒരുക്കം പൂർത്തിയാക്കിയശേഷമാണ് സംഘം നിരീക്ഷണത്തിനായി വനത്തിൽ കയറിയത്. പത്തു കേന്ദ്രങ്ങളിലായി വന്യ ജീവികളുടെ ആവാസ വ്യവസ്ഥ നിരീക്ഷിച്ച് പുതിയ വിസ്മയങ്ങൾ കണ്ടെത്തുകയായിരുന്നു. പത്തു വർഷം മുൻപ് നടത്തിയ സർവ്വെ അപേക്ഷിച്ച് നമ്മുടെ നിതാന്ത സംരക്ഷണംകൊണ്ട് ഇടുക്കിയുടെ വന്യ ജീവി സമ്പത്തിൽ വൻ പുരോഗതി കൈവിക്കാൻ കഴിഞ്ഞതായും സർവ്വെ നിരീക്ഷിച്ചു. അന്നു 76 ഇനം ശലഭങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി 182 ഇനങ്ങളെയാണ് കണ്ടെത്താനായത്. പഞ്ചനേത്രി, വനദേവത, ഗരുഡശലഭം, ബുദ്ധമയൂരി, പൊന്തചാടൻ, മണ്ടവരയൻ ശരവേഗൻ, കുഞ്ഞിവാലൻ, പൊട്ടുവാലാട്ടി, കരിനീലകടുവ നീലരാജൻ, നവാബ്, മഞ്ഞപാപ്പാത്തി എന്നിവയാണ് ഇവയിൽ ഏറെ ശ്രദ്ധേയം. സംസ്ഥാന ശലഭമായ ബുദ്ധമയൂരിയുടെ സാന്നിദ്ധ്യം വിവിധ ഇയങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയശലഭമായ സതേൺ ബേർഡ് വിങിനെ നിരവധി സ്ഥലങ്ങളിൽ കണ്ടെത്തി. യൂറേഷ്യയിൽ നിന്നെത്തിയ ഭൂഖണ്ഡാതന്തര അതിഥിയായ പെയ്ന്റഡ് ലേഡിയും ഇടുക്കിയുടെ വിസ്മയങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ്. പക്ഷിരാജൻമാരുടെ 132 ഇനങ്ങളാണ് ഇക്കുറി സംഘാംങ്ങളുടെ ദൃഷ്ടിൽപ്പെട്ടത്. അതിൽ കേമൻ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ തന്നെ. വിരിഞ്ഞ വാലുള്ളതും, നീല താടിയുള്ളതും തേൻ കുടിയൻമാരും ചിത്രാംഗദൻ മരംകൊത്തിയും മോഹിപ്പിക്കുന്ന മായക്കാഴ്ചകളാണ്. ഗജരാജ സംഘത്തെയും മ്ലാവ്, കാട്ടു നായ, നീർ നായ എന്നിങ്ങനെ ഒട്ടനവധി സസ്തനികളേയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ദേശാടന ശലഭങ്ങളുൾപ്പെടെ ഏകദേശം 20 ഇനങ്ങളുടെ വിവരങ്ങൾ സർവ്വെയിൽ ശേഖരിച്ചിട്ടുണ്ട്. പതിനഞ്ചോളം ഉറുമ്പ് വർഗ്ഗത്തെകണ്ടെത്തിയതുമുൾപ്പെടെയുള്ള വിവരങ്ങൾ ക്രോഡീകരിച്ച് വന്യജീവി സംരക്ഷണത്തിന് പുതിയ രൂപരേഖ തയ്യാറാക്കുമെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സർവ്വെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |