
കണ്ണൂരിൽ നോട്ടീസ് നൽകിയത് അഞ്ഞൂറോളം കടകൾക്ക്
കണ്ണൂർ: നഗരത്തിലെ അഞ്ഞൂറ് കടകൾക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും അഗ്നി സുരക്ഷ സംവിധാനം ഒരുക്കാതെ ഒളിച്ചുകളി തുടരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ അഗ്നിരക്ഷാസംവിധാനം ഒരുക്കണമെന്നാമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. റെയിൽവേ സറ്റേഷൻ പരിസരം, മുനീശ്വരൻ കോവിൽ, മാർക്കറ്റ് എന്നിവടങ്ങളിൽ മാത്രം നടത്തിയ പരിശോധനയിലാണ് 500 സ്ഥാപനങ്ങൾക്ക് സുരക്ഷാസംവിധാനമില്ലാതെ പ്രവർത്തിക്കുന്നതായി ഫയർഫോഴ്സ് കണ്ടെത്തിയത്.
ഫയർഫോഴ്സ് നഗരത്തിൽ പരിശോധന തുടരുകയാണ്. നഗരത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അഗ്നി ബാധയുണ്ടായാൽ രക്ഷപ്പെടാൻ കഴിയാത്തതാണെന്ന് ഫയർഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കുള്ള പരിഹാരമായാണ് സംവിധാനം ഒരുക്കാൻ നിർദ്ദേശിച്ചത്.
നിർദ്ദേശിച്ചത് ചിലവ് കുറഞ്ഞ സംവിധാനം
പല കെട്ടിടങ്ങളിലെയും വയറിംഗ് പഴക്കമുള്ളതാണ്. എന്നാൽ ഇതിന് അടിയന്തര പരിഹാരം കാണുന്നത് പ്രാവർത്തികമല്ലാത്ത സാഹചര്യത്തിലാണ്ഫയർ എക്സിറ്റിംഗ്യൂഷനുകൾ സ്ഥാപിക്കാൻ ഫയർഫോഴ്സ് ആവശ്യപ്പെട്ടത്. നാല് കിലോയുള്ളതിന് 1500 രൂപയും ആറ് കിലോയുടേതിന് രണ്ടായിരവും മാത്രമാണ് ഇവയുടെ വില.എന്നാൽ ഇതിന് പോലും പല കടയുടമകളും തയ്യാറാകുന്നില്ല. ഉപയോഗം അറിയാത്തതും വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്തതുമാണ് സ്ഥാപിക്കാൻ മടികാണിക്കുന്നതിന്റെ കാരണം. കണ്ണൂർ മാർക്കറ്റിനുള്ളിൽ നൂറിലേറെ കടകളാണ് ഞെരുങ്ങി സ്ഥിതിചെയ്യുന്നത്. ഒരു സ്ഥാപനത്തിൽ തീ പിടിച്ചാൽ പടർന്നുപിടിച്ച് വമ്പൻ അപകടമുണ്ടാകാനുള്ള സാദ്ധ്യതയാണ് ഇവിടെയുള്ളത്. ഇതിൽ പല കടകളിലും ഇലക്ട്രിക് ബോർഡിനോട് ചേർന്നാണ് സാധനങ്ങളും ഉപകരണങ്ങളും വച്ചിട്ടുള്ളത്.
തളിപ്പറമ്പിൽ പഴയ പോലെയായില്ല
നാടിനെ നടുക്കിയ തീ പിടിത്തം ഉണ്ടായിട്ട് ഇരുപത് ദിവസം കഴിഞ്ഞിട്ടും തളിപ്പറമ്പിൽ നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.ഇതുകാരണം സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് കച്ചവടം പുനരാരംഭിക്കാനുമായിട്ടില്ല. നഗരസഭയുടെയും മറ്റ് വകുപ്പുകളുടെയും നടപടികൾ വൈകുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. മാലിന്യം നീക്കം ചെയ്യലും പ്രാഥമിക പരിശോധനയും മാത്രമാണ് ഇതുവരെ നടന്നത്. വിദഗ്ധ പരിശോധനയും ഇതുവരെ നടന്നിട്ടില്ല. ഇതിന് ശേഷമെ കെട്ടിടം ഉപയോഗയോഗ്യമാണോയന്ന് തീരുമാനിക്കാനാകുകയുള്ളു.
വ്യാപാരികൾക്ക് ഫയർ എക്സിറ്റിംഗ്യൂഷറുകൾ ഉപയോഗിക്കാനുള്ള ക്ളാസുകൾ നൽകുന്നുണ്ട്. തീ പിടിച്ചാൽ രക്ഷപ്പെടാൻ ഒരു വഴിയുമില്ലാത്ത തരത്തിലാണ് മിക്ക സ്ഥാപനങ്ങളും. കോണിപ്പടിയിലുൾപ്പെടെ സാധനങ്ങൾ അടുക്കി വച്ചിട്ടുണ്ട്. - ജില്ല ഫയർ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |