
കൊച്ചി: ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയ യാത്രക്കാരനെ ഇറക്കിവിട്ടു, ആഹാരത്തിന് പണംവാങ്ങി, ഷട്ടിൽ ബസിൽ നിന്ന് പുറത്താക്കി. നാണംകെട്ടുമടങ്ങിയ എറണാകുളം നെട്ടൂർ സ്വദേശി ടി.പി. സലിം കുമാറിന് ഇൻഡിഗോ എയർലൈൻസ് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി.
2019 ഡിസംബർ 14ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാനത്തിൽ കയറിയശേഷം 'ഓപ്പറേഷണൽ/ടെക്‌നിക്കൽ ഇഷ്യു" എന്ന കാരണം പറഞ്ഞാണ് യാത്ര വിലക്കിയത്. മറ്റൊരു വിമാനത്തിൽ അന്ന് യാത്ര അനുവദിക്കാമെന്ന് അടക്കമുള്ള വാഗ്ദാനങ്ങൾ ഉറപ്പുനൽകിയെങ്കിലും പിറ്റേന്നത്തെ വിമാനത്തിലാണ് തുടർയാത്ര അനുവദിച്ചത്.
യാത്രക്കാരനെ ഇറക്കിവിടുന്നത് സേവനത്തിലെ ന്യൂനതയും ഉറപ്പുകൾ ലംഘിച്ചത് ഗുരുതര വീഴ്ചയുമാണെന്ന് കോടതി വ്യക്തമാക്കി. ബോർഡിംഗ് സമയത്ത് പണം അടയ്ക്കാൻ നിർബന്ധിച്ച് പരസ്യമായി അപമാനിച്ച നടപടി വഞ്ചനയും അധാർമ്മികമായ വ്യാപാര രീതിയാണെന്നും കോടതി വിലയിരുത്തി.
ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ടി. സഞ്ജയ് ഹാജരായി.
കോടതി വിധി
ലോഞ്ച് ആക്‌സസ് ഇനത്തിൽ അധികമായി ഈടാക്കിയ 2,150 രൂപയും യാത്ര നിരസിച്ച തീയതിയിൽ ബുക്ക് ചെയ്ത സിനിമാ ടിക്കറ്റ് തുകയായ 626 രൂപയും 9ശതമാനം പലിശയോടെ തിരികെ നൽകണം.
മാനസിക പ്രയാസത്തിനും ധനനഷ്ടത്തിനും കോടതി ചെലവിനത്തിലും 1,20,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |