
കൊച്ചി: വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തുടർന്ന് ജോലിക്കുമായി തിരഞ്ഞെടുക്കുന്ന കാനഡ ഇന്ത്യയ്ക്കു മുന്നിൽ വാതിലടയ്ക്കുന്നു. ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് അപേക്ഷിച്ചതിൽ നാലിൽ മൂന്ന് സ്റ്റുഡന്റ് വിസാ അപേക്ഷകളും കനേഡിയൻ അധികൃതർ തള്ളി. 2023ൽ 32 ശതമാനം ഇന്ത്യൻ സ്റ്റുഡന്റ് വിസകൾ തള്ളിയിടത്താണ് ഈ വർഷം 74 ശതമാനത്തിൽ എത്തിനിൽക്കുന്നത്. ആഗോളതലത്തിൽ 40 ശതമാനത്തോളം അപേക്ഷകളാണ് കാനഡ നിരസിച്ചത്. അതേസമയം,ചൈനയിൽ നിന്നുള്ള 24 ശതമാനം അപേക്ഷകളാണ് ആഗസ്റ്റിൽ തള്ളിയിരിക്കുന്നത്. കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷയുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2023 ആഗസ്റ്റിൽ 20,900 പേരാണ് അപേക്ഷിച്ചതെങ്കിൽ 2025 ആഗസ്റ്റിലേത് 4,515 ആയി കുറഞ്ഞു.
രാഷ്ട്രീയ വൈരവും
കൂട്ടത്തോടെ ഇന്ത്യൻ വിസകൾ കാനഡ നിഷേധിക്കുന്നതിനു പിന്നിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ വൈരവും കാരണമായി. സിഖ് വിഘടനവാദി നേതാവ് നിജ്ജാർ 2023ൽ കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചിരുന്നു. ഇന്ത്യ ഇത് നിഷേധിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് വിസാ നിയന്ത്രണത്തിനു പിന്നിലെ കാരണമായെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ അപേക്ഷകളിൽ നിരവധി വ്യാജ രേഖകൾ കടന്നു വരുന്നതാണ് വിസ നിഷേധിക്കുന്നതിനു പിന്നിലെന്നാണ് കനേഡിയൻ ഇമിഗ്രേഷൻ പറയുന്നത്. 2023ൽ ഇത്തരത്തിൽ 1,550 ഇന്ത്യൻ അപേക്ഷകൾ കണ്ടെത്തി. ഇതിനു പിന്നാലെ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കാനഡ കർശനമാക്കിയതും ഇന്ത്യൻ വിദ്യാർത്ഥികൾക്കു തിരിച്ചടിയായി.
കനേഡിയൻ സർവകലാശാലകളിൽ എൻറോൾ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. എൻജിനിയറിംഗിന് ഏറെ പ്രശസ്തമായ വാട്ടർലൂ സർവകലാശാലയിൽ യു.ജി,പിജി കോഴ്സുകൾക്ക് ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നാലു വർഷത്തിനിടെ മൂന്നിൽ രണ്ടായി കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |