എലപ്പുള്ളി: കർഷകരും തൊഴിലാളികളും ഭൂരിപക്ഷമുള്ള ഗ്രാമം. ബ്രൂവറി വിവാദത്തിലൂടെ സംസ്ഥാന ശ്രദ്ധയാകർഷിച്ച പ്രദേശം. ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒക്കെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ച വോട്ടർമാർ. ആശയപരമായ പോരാട്ടങ്ങൾക്ക് എന്നും വേദിയായിട്ടുള്ള എലപ്പുള്ളിയിൽ ഇത്തവണ തീ പാറുന്ന പോരാട്ടമായിരിക്കും എന്നതിൽ സംശയമില്ല.
വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരും ടി.ശിവദാസമേനോനും രാഷ്ട്രീയ പടയോട്ടം നടത്തിയ മലമ്പുഴ മണ്ഡലത്തിലെ പഞ്ചായത്ത്. പതിറ്റാണ്ടുകളായി സി.പി.എം ഭരിച്ച ചുവപ്പ് കോട്ട. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഇവിടെ അടിതെറ്റി. ചെങ്കോട്ടയിൽ ത്രിവർണ പതാക പാറിച്ച് രേവതി ബാബുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണ സമിതി അധികാരമേറ്റു. ഈ കനത്ത പ്രഹരത്തിന് മറുപടി നൽകാനുള്ള തയാറെടുപ്പിലാണ് ഇത്തവണ സി.പി.എം.
പഞ്ചായത്തിന്റെ ഭരണ പരാജയമാണ് സി.പി.എം ഉയർത്തിക്കാട്ടുന്ന പ്രധാന വിഷയം. കഴിഞ്ഞ 5 വർഷം വികസന മുരടിപ്പിന്റെ കാലം ആയിരുന്നു എന്നുമാണ് സി.പി.എം ആരോപണം. പഞ്ചായത്ത് ഭരണത്തിന്റെ കെടുകാര്യസ്ഥതകൾ വിവരിച്ച് കൊണ്ടുള്ള വലിയൊരു കുറ്റപത്രം അവതരിപ്പിച്ചു കൊണ്ടാണ് സി.പി.എം ജനങ്ങളെ സമീപിക്കുന്നത്. പഞ്ചായത്ത് ഭരണം നിലനിറുത്താനാകും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബ്രുവറി വിഷയം ആണ് പ്രധാനമായും ഉയർത്തിക്കാണിക്കുന്നത്. പഞ്ചായത്ത് ഭരണം മാറിയാൽ ബ്രുവറി പ്രവർത്തനം തുടങ്ങുകയും ജല ചൂഷണം നടത്തുകയും ചെയ്യും എന്നാണ് കോൺഗ്രസ് പ്രചരണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടയിൽ കാവിയുടെ തിളക്കം പ്രകടമായി എന്ന പ്രതിഭാസത്തിനും എലപ്പുള്ളി സാക്ഷ്യം വഹിച്ചിരുന്നു.
5 സീറ്റ് നേടി നിർണായകമായി മാറിയ ബി.ജെ.പി ഇത്തവണ തങ്ങളുടെ വാർഡുകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് വോട്ടർമാരെ സമീപിക്കുന്നത്. ബ്രുവറി വിരുദ്ധ സമരം ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് വിഷയമാണ്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ ജനറൽ വിഭാഗത്തിനാണ്. സി.പി.എം പ്രചരണം മുന്നിൽ നിന്ന് നയിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭാഷ് ചന്ദ്രബോസ് ആണ്. പക്ഷെ മത്സരിക്കാൻ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അടുത്ത പാർട്ടി യോഗത്തിലേ പ്രസിഡന്റ് ആരായിരിക്കും എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു. നിലവിലുള്ള പ്രസിഡന്റ് തുടരട്ടെ എന്ന അഭിപ്രായമാണ് കോൺഗ്രസിൽ ഒരു വിഭാഗം ഉയർത്തുന്നത്. സുനിൽ കുമാർ, രമേശൻ, ശരവണകുമാർ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളാണ്. നിലവിൽ ആകെയുള്ള 22 അംഗങ്ങളിൽ കോൺഗ്രസിന് ഒമ്പതും സി.പി.എമ്മിന് എട്ടും ബി.ജെ.പിക്ക് അഞ്ചും ആണ്. ഇത്തവണ ആകെ സീറ്റ് 23 ആയി ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |