
ന്യൂഡൽഹി: ഗ്രാമീണ വീടുകളിൽ പൈപ്പുവഴി കുടിവെള്ളമെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങിയ ജൽ ജീവൻ മിഷനിൽ വ്യാപക അഴിമതി. രാജ്യത്ത് 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 16,634 പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ,ലോകായുക്ത,അഴിമതിവിരുദ്ധ ഏജൻസി എന്നിവ നടത്തിയ അന്വേഷണത്തിൽ 596 ഉദ്യോഗസ്ഥർക്കെതിര നടപടിയെടുത്തു. 8
22 കോൺട്രാക്ടർമാർക്കും 152 തേർഡ് പാർട്ടി ഏജൻസികൾക്കുമെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ ഉത്തർപ്രദേശിലാണ്. 85 ശതമാനം. 14,264 പരാതികൾ. 1236 പരാതികളുമായി അസം ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ത്രിപുരയിൽ 376 പരാതികളാണുള്ളത്. ഉത്തർപ്രദേശിൽ 171 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്. രാജസ്ഥാൻ (170), മദ്ധ്യപ്രദേശ് (151) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കൂടുതൽ കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുത്തത് ത്രിപുരയിലാണ്, 376. ബംഗാളിൽ 142 കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുത്തു.
ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മണിപ്പൂർ,മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനങ്ങളിൽ നിന്നുയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് ജൽശക്തി വകുപ്പിന് കീഴിലുള്ള കുടിവെള്ള-സാനിറ്റേഷൻ വകുപ്പ് പരിശോധനകൾക്കായി നോഡൽ ഓഫീസർമാരുടെ നൂറ് സംഘങ്ങളെ നിയോഗിച്ചത്. 14,585 സ്‌കീമുകളിലായി 16,839 കോടിയുടെ അധിക ചെലവുണ്ടായതായി പരിശോധനയിൽ കണ്ടെത്തി. കണക്കാക്കിയ ചെലവിനേക്കാൾ 14.58 ശതമാനം കൂടുതലാണിത്. കേന്ദ്രസർക്കാർ 2019ലാണ് ജൽ ജീവൻ മിഷൻ പ്രഖ്യാപിച്ചത്. 2024ൽ അവസാനിച്ച പദ്ധതിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ 2025ലെ ബജറ്റിൽ കൂടുതൽ തുക അനുവദിച്ച് 2028 വരെ നീട്ടിയിരുന്നു. എന്നാൽ ഇതിന് ഇതുവരെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |