
കണ്ണൂർ: ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം പൂർത്തീകരിച്ച് എൽ.ഡി.എഫ്. കോർപറേഷനിലെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റ് വിഭജനവും സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്നും നാളെയും കൊണ്ട് പൂർത്തിയാക്കും.നോമിനേഷൻ
. 17, 18 തീയതികളിൽ നടക്കും. ഇന്നലെ ചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാപഞ്ചായത്ത് സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിച്ചു. വാർഡ് തല തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 18ന് പൂർത്തിയാകുമെന്ന് മുന്നണി കൺവീനർ എൻ.ചന്ദ്രൻ അറിയിച്ചു.
ജില്ലപഞ്ചായത്തിലെ 25 സീറ്റുകളിൽ പതിനഞ്ചിടത്ത് സി.പി.എം മത്സരിക്കും. സി.പി. ഐ 3, കേരള കോൺഗ്രസ് (എം) , ജനതാദൾ (എസ്) , ആർ.ജെ. ഡി , എൻ.സി.പി ,കോൺഗ്രസ്സ് (എസ് ), ഐ.എൻ.എൽ വീതം സീറ്റുകളിലും മത്സരിക്കും.
കരിവെള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴീക്കോട്, കല്ല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ഡിവിഷനുകളിലാണ് സി.പി.എം മത്സരിക്കുന്നത്. കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നിവിടങ്ങളിൽ സി.പി.ഐ സ്ഥാനാർത്ഥികളാണ്. പടിയൂരിൽ കേരള കോൺഗ്രസ്(എം), പയ്യാവൂരിൽ ജനതാദൾ (എസ്), കൊളവല്ലൂരിൽ ആർ.ജെ.ഡി, കൊട്ടിയൂരിൽ എൻ.സി.പി, നടുവിലിൽ കോൺഗ്രസ്സ് (എസ്), കൊളച്ചേരിയിൽ ഐഎൻ.എൽ എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്ക് നൽകിയ ഡിവിഷനുകൾ.
കോർപ്പറേഷൻ സീറ്റ് വിഭജനം ഇന്ന്
കണ്ണൂർ കോർപ്പറേഷനിൽസീറ്റ് വിഭജനം ഇന്ന് പൂർത്തിയാക്കും. സി.പി. ഐ ആവശ്യപ്പെട്ട ആദികടലായി സീറ്റ് സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്.കോൺഗ്രസ്സ് വിമതൻ പി.കെ രാഗേഷിന്റെ സംഘടനയെയും സഹകരിപ്പിക്കാനും സാദ്ധ്യതയുണ്ട്.
പി.പി ദിവ്യ ചർച്ചയാകില്ല
എ.ഡി.എം നവീൻ ബാബുവിന്റെ മരണവും പി.പി ദിവ്യയുടെ മേലുള്ള ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നാണ് എൽ.ഡി.എഫ് കണക്കാക്കുന്നത്.ആ സംഭവത്തിൽ സി.പി.എം ശരിയായ നിലപാടെടുത്തതാണെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
എൽ.ഡി.എഫിൽ എല്ലാ കക്ഷികളും കെട്ടുറപ്പോടെ മുന്നോട്ട് നീങ്ങുന്നു.ചർച്ചകളിലും അവരവരുടെ ആവശ്യങ്ങൾ ഉന്നയിക്കും. എന്നാൽ അതൊന്നും ആസ്വാരാസ്യങ്ങളല്ല.- എൽ.ഡി.എഫ് കൺവീനർ എൻ.ചന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |