കോഴിക്കോട്: എന്തു വിലകൊടുത്തും കോഴിക്കോട് കോർപ്പറേഷൻ പിടിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ. കോഴിക്കോട്ടുകാരനായ സംവിധായകൻ വി.എം വിനു മുതൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉൾപ്പെടെയുള്ളവരുടെ പട്ടിക പുറത്തിറക്കിയാണ് കോൺഗ്രസ് കളം പിടിക്കാനിറങ്ങിയത്.
എം.കെ രാഘവൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറാണ് 15 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചത്. വി.എം വിനു 37ാം വാർഡായ കല്ലായിയിൽ നിന്ന് ജനവിധി തേടും. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടി ഡിവിഷനിൽ മത്സരിക്കും. എരഞ്ഞിക്കൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടും സിവിൽ സ്റ്റേഷൻ വാർഡിൽ പരിസ്ഥിതി പ്രവർത്തക പി.എം.ജീജാഭായും ജനവിധി നേടും. രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹം അംഗീകരിക്കുന്ന വ്യക്തിയാവണമെന്ന ചിന്തയാണ് സംവിധായകൻ വി.എം വിനുവിലേക്ക് എത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ പറഞ്ഞു. വ്യക്തികളുടെ മുഖമല്ല കോർപ്പറേഷന്റെ മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്ന് പ്രവീൺകുമാർ അറിയിച്ചു. ആദ്യഘട്ട പട്ടികയിലെ 22 പേർ ഉൾപ്പെടെ കോൺഗ്രസിന്റെ 37 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. കോൺഗ്രസ് 49, മുസ്‌ലിം ലീഗ് 25, സി.എം.പി 2 എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
ഡിവിഷൻ സ്ഥാനാർഥികൾ
1 എലത്തൂർ - ലത കളങ്കോളി, 5 മൊകവൂർ- കെ.സായിഷ്, 3 എരഞ്ഞിക്കൽ - വൈശാൽ കല്ലാട്ട്, 12 പാറോപ്പടി - പി.എം.നിയാസ്, 13 സിവിൽ സ്റ്റേഷൻ - പി.എം.ജീജാഭായ്, 15 വെള്ളിമാടുകുന്ന് - സ്വപ്‌ന മനോജ്, 21 ചേവായൂർ- പുതുശ്ശേരി വിശ്വൻ, 26 പറയഞ്ചേരി- അജന ജനാർദ്ധനൻ, 27 പുതിയറ - ഷേർളി ജോൺ പ്രമോദ്, 35 മാങ്കാവ് - മനക്കൽ ശശി, 37 കല്ലായ് - വി.എം.വിനു, 61 പാളയം - അൻവാറ തെക്കോത്ത്, 62 മാവൂർ റോഡ് - ആശ ജയപ്രകാശ്, 65 എരഞ്ഞിപ്പാലം- സി.പി.സലീം, 74 എടക്കാട് -എൻ.വി.അഞ്ജന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |