
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ 18,741 പൊലീസുകാരെ വിന്യസിക്കുമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ആറ് ഘട്ടങ്ങളായാണ് സുരക്ഷാക്രമീകരണം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിക്കും. എസ്.പിമാർ, അഡി. എസ്.പി മാർ, ഡിവൈ,എസ്.പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തും. ബൈക്ക്, മൊബൈൽ പട്രോളിംഗും ഉണ്ടാകും. പ്രധാന സ്ഥലങ്ങളിൽ പൊലീസിന്റെ കമാൻഡോകളെ വിന്യസിക്കും. അനധികൃത പാർക്കിംഗ് അനുവദിക്കില്ല. ഇടത്താവളങ്ങളിലും പൊലീസ് സുരക്ഷയുണ്ടാവും.
പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷ്യൽ ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിക്കും. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എ.ഐ അധിഷ്ഠിത സി.സി.ടി.വിയുടെ സേവനം പ്രയോജനപ്പെടുത്തും. ഡോളി ജീവനക്കാരടക്കം താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ ആപ്പ് ഉപയോഗിക്കും. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കും. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം പമ്പയിൽ പ്രവർത്തിക്കും. നിലയ്ക്കലിൽ നടത്തിയ അവലോകന യോഗത്തിൽ എ.ഡി.ജി.പി എസ് ശ്രീജിത്ത്, റേഞ്ച് ഡി.ഐ.ജിമാരായ എസ്.അജീത ബീഗം, സതീഷ് ബിനോ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല പൊലീസ് മേധാവിമാരായ ആനന്ദ് ആർ, സാബു മാത്യു കെ.എം, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |