
തിരുവനന്തപുരം: നിർമ്മാണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ആനയറ - വെൺപാലവട്ടം റോഡിലൂടെയുള്ള യാത്രാദുരിത പൂർണം. പേട്ട -ആനയറ - ഒരുവാതിൽക്കോട്ട മാതൃകാ റോഡിന്റെ രണ്ടാം റീച്ചിലെ ടാറിംഗ് അടക്കം പൂർത്തിയായിട്ടും ഒന്നാം റീച്ചിന്റെ പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. വെൺപാലവട്ടം പ്ളാവിളാകം മുതൽ ഒരുവാതിൽക്കോട്ട ക്ഷേത്രം വരെയുള്ള രണ്ടാം റീച്ച് ഭാഗത്ത് യൂട്ടിലിറ്റി ഡക്ട്, സിറ്റി ഗ്യാസ് ലൈൻ, വാട്ടർ അതോറിട്ടി എന്നിവയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് ബി.എം.ബി.സി നിലവാരത്തിലുള്ള ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. എന്നാൽ പദ്ധതിയുടെ ആദ്യഘട്ടമായ പേട്ട - ആനയറ - വെൺപാലവട്ടം ഭാഗത്തെ സ്വീവേജ് ലൈൻ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ ജോലികൾ പൂർത്തിയായാൽ മാത്രമേ ടാറിംഗ് ആരംഭിക്കാനാകൂ. ഇവിടെ യൂട്ടിലിറ്റി ഡക്ട് നിർമ്മാണവും യൂട്ടിലിറ്റി ഷിഫ്ടിംഗ് പ്രവൃത്തികളും പകുതിയോളമേ പൂർത്തിയായിട്ടുള്ളൂ.
റോഡിൽ കുഴിയും ചെളിയും
സിറ്റി ഗ്യാസ് ലൈൻ സ്ഥാപിച്ചെങ്കിലും നിർമ്മാണപ്രവൃത്തികൾ ഇനിയും ബാക്കിയാണ്. അതിനാൽ റോഡ്മദ്ധ്യത്തിൽ സ്വീവേജ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴികളിലെ മണ്ണ് മഴയിൽ കുതിർന്ന് ചെളിക്കളമായ നിലയിലാണ്. ജൂണിലാണ് റോഡ് പൊളിച്ച് പണി തുടങ്ങിയത്. ആദ്യഘട്ടങ്ങളിൽ ഇഴഞ്ഞുനീങ്ങിയ പണി ഇപ്പോൾ ധ്രുതഗതിയിൽ നടക്കുകയാണ്. റോഡിന് മദ്ധ്യത്തിൽ സ്വീവേജ് ജംഗ്‌ഷനുകൾക്കായി കുഴിയെടുത്ത് കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലിയാണിപ്പോൾ നടക്കുന്നത്.
അലൈൻമെന്റ് മാറി, നിർമ്മാണം വൈകി
ആദ്യം സ്ഥാപിച്ച സ്വീവേജ് ലൈനിന്റെ അലൈൻമെന്റ് മാറിയതാണ് നിർമ്മാണം ഇഴയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പുതിയ അലൈൻമെന്റ് അനുസരിച്ച് പണി ആരംഭിച്ചെങ്കിലും യന്ത്രങ്ങൾ കൃത്യമായി എത്തിക്കാത്തത് പ്രവർത്തനം വൈകാൻ കാരണമായി.
143.60 കോടി രൂപയുടെ കിഫ്ബി ഫണ്ട്
അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ 21 മീറ്റർ വീതിയിലാണ് നിർമ്മാണം നടക്കുന്നത്. 143.60 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതിനായി 614 പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനായി 98 കോടി രൂപ ചെലവഴിച്ചു. ആദ്യം 116 കോടിയാണ് അനുവദിച്ചത്. തുക തികയാതെ വന്നതോടെ 37 ശതമാനം വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |