കോഴിക്കോട്: നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പ്രചാരണ സാമഗ്രികളുമായി വിപണിയിലും ചൂടേറി. പ്രചാരണങ്ങൾക്കു മാറ്റേകാൻ വിവിധ രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങൾ പതിപ്പിച്ച കൊടിതോരണങ്ങളും മാസ്‌കുകളും ടീഷർട്ടുകളുമെല്ലാം എത്തിയിട്ടുണ്ട്. എത് പാർട്ടിയായാലും കടയിലെത്തിയാൽ തങ്ങളുടെ പാർട്ടിക്കനുയോജ്യമായതെല്ലാം കിട്ടും. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയതോടെ ഇവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. സ്ഥാനാർത്ഥികളുടെ മുഖം മൂടികളും മാസ്‌കുകളുമാണ് പ്രധാന താരം. സ്ഥാനാർത്ഥികളുടെ മുഖം പ്രിന്റ് ചെയ്ത ടീഷർട്ടുകളും വിപണിയിലുണ്ട്. പ്ലാസ്റ്റികിന് നിരോധനമുള്ളതിനാൽ കടലാസുകളിലും തുണികളിലും നിർമ്മിച്ച സാമഗ്രികളാണ് വിൽപ്പനയ്ക്കുള്ളത്. മിഠായിത്തെരുവ്, നടക്കാവ്, പാളയം തുടങ്ങിയിടങ്ങളിലെല്ലാം വിപണി സജീവമാണ്. പ്രധാനമായും ബാഗ്ലൂരിൽ നിന്നാണ് ഇവ എത്തുന്നത്. ചിഹ്നങ്ങൾ പതിച്ച കീ ചെയിനുകൾക്ക് 30 മുതലും ടീ ഷർട്ടുകൾക്ക് 130 മുതലുമാണ്. കൊടികളുടെ വില 50 മുതലാണ്. ഷാളുകൾക്ക് 40 ഉം. സാധാരണ പ്രചാരണം സജീവമാകുമ്പോൾ വിൽപ്പന വർദ്ധിച്ചിരുന്നതെങ്കിൽ ഇത്തവണ തുടക്കം മുതലേ ഇവ വിപണിയിലെത്തിയിട്ടുണ്ട്.
സ്വയം പ്രമോഷനുകളും
സാമഗ്രികൾ വാങ്ങിപ്പിക്കാനും മെെക്ക് സൗണ്ട് സിസ്റ്റങ്ങൾക്കും തങ്ങളെ സമീപിക്കാനും പൊടികെെകളും കച്ചവടക്കാർ സ്വീകരിക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനായി വിവിധ തരത്തിലുള്ള പരസ്യങ്ങളാണ് കച്ചവടക്കാർ നൽകുന്നത്. സ്ഥാനാർത്ഥികളെ പോലെ പോസ്റ്ററുകൾ അടിച്ചിറക്കി വിപണി പിടിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിക്കാൻ ഇവന്റ് മാനേജ്‌മെന്റ് ടീമും രംഗത്തുണ്ട്. പ്രചരണത്തിന് വേണ്ടിയുള്ള എൽ.ഇ.ഡി സ്‌ക്രീൻ, ബാരിക്കേഡുകൾ, തെർമൽ സ്‌കാനർ, ഓട്ടോമാറ്റിക് സ്‌കാനർ എന്നിവയും വിൽപ്പനയ്ക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |