
തിരുവനന്തപുരം: നിർദ്ധനരായ കുട്ടികളുടെ പരിചരണത്തിനുള്ള ഫണ്ട് ശേഖരണത്തിന് സംസ്ഥാന ശിശുക്ഷേമ സമിതി ഇറക്കുന്ന ശിശുദിന സ്റ്റാമ്പുകൾ വിറ്റഴിക്കാതെ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ. അച്ചടിച്ചത് ഒരു കോടി സ്റ്റാമ്പുകൾ. ഒരെണ്ണത്തിന്റെ വില 15 രൂപ. കഴിഞ്ഞ വർഷവും വിൽപ്പന മോശമായിരുന്നു. ആകെ ലഭിച്ചത് ഏഴ് കോടി. ഇക്കുറിയും സർക്കാർ സ്ഥാപനങ്ങളടക്കം മുഖംതിരിച്ചതോടെ വിൽപ്പന മന്ദഗതിയിലായി. സ്കൂളുകളിലൂടെ മാത്രമാണ് വിൽപ്പന അൽപ്പമെങ്കിലും കാര്യക്ഷമമായി നടക്കുന്നത്.
സ്റ്റാമ്പിലൂടെ അടക്കം ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് ശിശുക്ഷേമ സമിതി അശരണരായ ബാല്യങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. വരുമാനം കുറയുന്നത് ഇത്തരം പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. വിൽപ്പന കാര്യക്ഷമമാക്കാൻ സർക്കാർ സ്ഥാപനങ്ങൾക്കടക്കം സമിതി കത്ത് നൽകാറുണ്ടെങ്കിലും ഗൗരവമായി എടുക്കാറില്ലെന്നാണ് ആക്ഷേപം.
അതേസമയം, സേവനങ്ങൾ മിക്കതും ഡിജിറ്റലായതോടെ സർക്കാർ ഓഫീസുകളിലടക്കം നേരിട്ട് ജനം എത്താത്തതും സ്റ്റാമ്പ് വിൽപ്പനയെ ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്.
കുട്ടികൾ വരച്ച ചിത്രം
സർക്കാർ അനുമതിയോടെയാണ് ശിശുക്ഷേമ സമിതി സ്റ്റാമ്പ് പുറത്തിറക്കുന്നത്. എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ വരയ്ക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രമാണ് സ്റ്റാമ്പിൽ ഉപയോഗിക്കുന്നത്. 2016 മുതലാണ് സ്റ്റാമ്പ് വില 15 രൂപയാക്കിയത്. അതിനു മുമ്പ് പത്തു രൂപയായിരുന്നു.
''സ്റ്റാമ്പുകൾ ദീർഘകാലം കൈയിൽ വച്ചശേഷം തിരിച്ചയയ്ക്കുകയാണ് സ്ഥാപനങ്ങൾ ചെയ്യുന്നത്. ഒരുപാട് വർഷങ്ങളായി ഇതുതന്നെയാണ് പതിവ്
-അഡ്വ. ജി.എൽ. അരുൺ ഗോപി,
ജനറൽ സെക്രട്ടറി,ശിശുക്ഷേമ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |