
മുംബയ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രയിൻ സർവീസ് 2027 ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ സർവീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബയ് വരെ ബുള്ളറ്റ് ട്രെയിനിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്നും മന്ത്രി പറഞ്ഞു.
'ട്രയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. 12 സ്റ്റോപ്പുകൾ ഉള്ളതിനാൽ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ 17 മിനിറ്റാണ് ആവശ്യമായുള്ളത്. 2029ൽ മുഴുവൻ പാതയുടെയും പണി പൂർത്തിയാകും. ഇതോടെ തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിട്ട് കൂടുമ്പോഴും ബുള്ളറ്റ് ട്രയിൻ സർവീസ് നടത്തും' മന്ത്രി പറഞ്ഞു. ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിനടിയിലൂടെയുള്ള തുരങ്ക പാത ബുള്ളറ്റ് ട്രെയിനുകളെ ഒരേസമയം രണ്ടുദിശയിലേക്കും സഞ്ചരിക്കാൻ സഹായിക്കുന്നതാണ്. ആധുനിക സുരക്ഷാ ഉപകരണങ്ങളാണ് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതുവരെ 320 കിലോമീറ്റർ വയഡക്ട് പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന്റെ സർവീസ് സമ്പന്നർക്ക് മാത്രമുള്ളതല്ല. മദ്ധ്യവർഗത്തിനും ഇതിന്റെ പ്രയോജനം ലഭിക്കുന്ന തരത്തിൽ ന്യായമായ നിരക്കുകളാണ് ഉണ്ടായിരിക്കുക. ഭാവിയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകളും ഇതിലൂടെ സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |