
താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ആവേശപൂർവം കാത്തിരുന്ന ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാലും ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3: അസ്രായേലും ഉപേക്ഷിച്ചതായി സൂചന. മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ തിരുത്തിയെഴുതിയ കൾട്ട് ചിത്രം ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാൽ എട്ട് വർഷങ്ങൾക്ക് മുൻപാണ് അനൗൺസ് ചെയ്തത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. എന്നാൽ കൊവിഡിന്റെ വരവും തിരക്കഥയിലുണ്ടായ മാറ്റങ്ങളുമൊക്കെ കാരണം നീണ്ടു പോയ ചിത്രം ഇനി സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വൻ മുതൽ മുടക്ക് കാരണം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടാനാവാതെ പോയതും റിലീസിന് ശേഷം പല കോണുകളിൽ നിന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ അണിയറ പ്രവർത്തകരിലുണ്ടാക്കിയ ആശയക്കുഴപ്പവും കാരണമാണ് ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3:അസ്രായേൽ വേണ്ടെന്ന് വയ്ക്കാൻ കാരണമെന്നറിയുന്നു. ബിഗ് ബി യുടെ സംവിധായകൻ അമൽ നീരദോ, ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജോ ഇരു ചിത്രങ്ങളുടെയും അണിയറ പ്രവർത്തകരോ ചിത്രങ്ങൾ ഉപേക്ഷിച്ച വിവരം ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലൂസിഫറിന്റെ മൂന്നാം ഭാഗം അല്ലാത്തതാണ് പൃഥ്വിരാജിന്റെ അടുത്ത സംവിധാന സംരംഭം. ഇതിന്റെ ആലോചനയിലേക്ക് പൃഥ്വിരാജ് കടന്നു എന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |