
ചന്ദനക്കാടുകളിലെ പകയിൽ അത്യുജ്ജ്വല പ്രകടനവുമായി പൃഥ്വിയും ഷമ്മി തിലകനും
ഏറ്റവും മുന്തിയ ഇനം ചന്ദനം ആണ് വിലായത്ത് ബുദ്ധ. അത് സ്വന്തമാക്കാൻ ഡബിൾ മോഹനൻ നടത്തുന്ന ശ്രമങ്ങൾ. തടുക്കാൻ സദാ ഭാസ്കരൻ മാഷ്. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹനായി പൃഥ്വിരാജും ഭാസ്കരൻമാഷ് എന്ന അതിശക്തമായ കഥാപാത്രമായി ഷമ്മി തിലകനും പകർന്നാടുന്നു. ചന്ദനക്കൊള്ളക്കാർ തേടി നടക്കുന്ന ഇനം ആണ് വിലായത്ത് ബുദ്ധ. ആയിരത്തിലൊരണ്ണമേ കാണൂ. ലക്ഷണമൊത്ത തടിയാണത്. വളവും പുളവുമില്ലാതെ, നിർവാണ ബുദ്ധനെ കൊത്തിയുണ്ടാക്കാൻ പാകത്തിനുള്ള തടി. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ പകയും പ്രതികാരവും പ്രണയവും ചേരുന്നതാണ് വിലായത്ത് ബുദ്ധ. ഷമ്മി തിലകന്റെ അഭിനയജീവിതത്തിലെ അത്യുഗ്രൻ കഥാപാത്രമാണ് ഭാസ്കരൻ മാഷ്. ഗുരുവും ശിഷ്യനും തമ്മിലുള്ള പോർവിളിയും സംഘർഷങ്ങളും മികവു പുലർത്തി. പൃഥ്വിരാജും പ്രിയംവദ കൃഷ്ണനും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ ഹൃദ്യമായി. അനുമോഹൻ, രാജശ്രീ നായർ, ധ്രുവൻ, തമിഴ് നടൻ ടി.ജെ. അരുണാചലം എന്നിവരുടെ പ്രകടനവും കൈയടി അർഹിക്കുന്നു.
ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് രചന. അരവിന്ദ് എസ്. കശ്യപും രണദിവെയും മികച്ച ദൃശ്യങ്ങൾ ഒരുക്കി. സംഘട്ടന രംഗങ്ങൾ വിലായത്ത് ബുദ്ധയുടെ മികവുകളിൽ ഒന്നാണ്. ജേക്സ് ബിജോയ്‌യുടെ സംഗീതവും ശ്രീജിത്ത് സാരംഗിന്റെ എഡിറ്രിംഗും സംവിധായകൻ ജയൻ നമ്പ്യാരുടെ മനസ് അറിഞ്ഞ് പ്രവർത്തിച്ചു.
ഉർവശി തിയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |