
വിഴിഞ്ഞം: ഉസ്താദ് ഹോട്ടൽ സിനിമ വന്നശേഷമാണ് അതേ പേരിൽ വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾക്ക് മാത്രമായി ഒരു ഹോട്ടൽ ആരംഭിക്കുന്നത്. അന്നുമുതൽ ഫ്രഷ് മീനിന്റെ മണവും രുചിയും വിളമ്പുന്ന വിഴിഞ്ഞത്തെ ഹോട്ടലുകൾക്ക് മുന്നിൽ നീണ്ട നിരയാണ്. സന്ധ്യ മയങ്ങിയാൽ ടെക്കികളും സെലിബ്രിറ്റികളും മാത്രമല്ല കുടുംബസമേതവും ഇവിടെയെത്തുന്നുണ്ട്. വിഴിഞ്ഞം മതിപ്പുറം കടൽത്തീരത്താണ് കൂടുതൽ ഹോട്ടലുകളുള്ളത്. കനലിൽ ചുട്ട മീനിന് ആവശ്യക്കാരേറെയായി. മീൻ വിഭവങ്ങൾക്കൊപ്പം കഴിക്കാൻ കപ്പയും ആവിപറക്കുന്ന പുട്ടും പൊറോട്ടയുമൊക്കെയുണ്ട്. ഒഴിച്ചു കഴിക്കാൻ മീൻകറിയും സൗജന്യമാണ്. തീരദേശം വിട്ട് പ്രധാന റോഡിലേക്ക് കയറിയാൽ റോഡിനിരുവശത്തും ചിക്കൻ വിഭവങ്ങളുടെ കടകളുടെ നീണ്ട നിരയാണെങ്കിലും മീൻ വീഭവങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.
കൊഞ്ച് മുതൽ കല്ലുമേൽകായ വരെ ചുട്ടു നൽകുന്ന കടകൾ ഇപ്പോൾ വിഴിഞ്ഞത്ത് ധാരാളമായുണ്ട്. കല്ലിൽ ചുട്ട ചിക്കനും കനലിൽ ചുട്ട മീനുമൊക്കെ യഥേഷ്ടം ഇവിടെ ലഭിക്കും. ഒപ്പം ചൂട് സുലൈമാനിയും.
തുറമുഖക്കാഴ്ചകൾ
വിഴിഞ്ഞത്തെത്തി ഭക്ഷണം ഓർഡർ ചെയ്താൽ പാകമായി വരുന്നതുവരെ അന്താരാഷ്ട്ര തുറമുഖ കാഴ്ചകൾ ആസ്വദിക്കാം. രാത്രികാലങ്ങളിൽ ക്രെയിനുകളിലെയും തുറമുഖത്തെയും വൈദ്യുത വിളക്കുകൾ ഉത്സവ പ്രതീതിയാണ്. കൂടാതെ ഇവിടെനിന്ന് പെടയ്ക്കണ മീനും ലേലത്തിലെടുക്കാം.
വിഴിഞ്ഞത്ത് മാത്രം ...100ലേറെ ഹോട്ടലുകൾ
വിഭവങ്ങൾക്ക് 120 മുതൽ 1800 രൂപ വരെ
കച്ചവടം - രാത്രി 6 മുതൽ 12 വരെ
സർക്കാർ വകയും....
സംസ്ഥാനത്തെ ആദ്യ കടൽ വിഭവ റസ്റ്റോറന്റും വിഴിഞ്ഞം ആഴകുളത്തു പ്രവർത്തിക്കുന്നു. ഇവിടെയെത്തിയാൽ കടൽ ചിത്രങ്ങൾ കണ്ട് രുചിനുകരാം.വിദേശികളെ ഉൾപ്പെടെ ആകർഷിക്കാനായി കെട്ടിടത്തിന് അകത്തും പുറത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഓർമ്മിക്കുന്ന ചിത്രങ്ങൾ വരച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |