തൃശൂർ: സൂക്ഷ്മപരിശോധന പൂർത്തിയായി. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ഇനി തദ്ദേശപ്പോരിന്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥികൾ പ്രചാരണത്തിന് കളത്തിലിറങ്ങിയിരുന്നു. ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയിൽ
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. പട്ടികജാതി വനിതാ സംവരണമായ പതിനെട്ടാം വാർഡിലെ സ്ഥാനാർത്ഥി ഇ.എസ് ഷൈബിയുടെ പത്രികയാണ് തള്ളിയത്.
161 പേരുടെ പത്രിക സ്വീകരിച്ചു
തൃശൂർ : തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് 30 ഡിവിഷനുകളിലായി 161 പേരുടെ നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ 89 പുരുഷന്മാരും 72 സ്ത്രീകളും ഉൾപ്പെടും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 161 സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. തൃശൂർ കോർപ്പറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലായി 339 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഏഴ് നഗരസഭകളിലായി 1410 സ്ഥാനാർത്ഥികളും 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1059 സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. 86 ഗ്രാമപഞ്ചായത്തുകളിലായി 8185 സ്ഥാനാർത്ഥികൾ പത്രിക നൽകി. 24 ന് 3 വരെയാണ് സ്ഥാനാർത്ഥിത്വം പിൻവിക്കാനുള്ള അവസാന തീയതി.
വിമതരെ അനുനയിപ്പിക്കാൻ നീക്കം
ജില്ലയിൽ തലവേദനയായി മാറിയ വിമതരെ അനുനയിപ്പിക്കാൻ വഴികൾ തേടി മുന്നണികൾ. നാളെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി. അതിനു മുമ്പ് അനുനയിപ്പിക്കാനാണ് ശ്രമം. കോർപറേഷനിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി എന്നീ കക്ഷികൾക്കെല്ലാം വിമത ഭീഷണിയുണ്ട്. ഗ്രാമ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും വിമതർ ഏറെയാണ്. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ നിന്നും രാജിവച്ച ജോർജ് ചാണ്ടി മിഷൻ ക്വാർട്ടേഴ്സ് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ബൈജു വർഗീസാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
കോർപറേഷൻ 41-ാം ഡിവിഷൻ വടൂക്കരയിൽ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി സദാനന്ദൻ വാഴപ്പുള്ളിക്കെതിരെ സി.ആർ. സുജിത്ത് വിമതനായുണ്ട്. കോട്ടപ്പുറം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി. ഹരിക്കെതിരെ ചക്കാമുക്ക് സ്വദേശിയായ ജിതിനും സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. സിവിൽ സ്റ്റേഷനിൽ കേരള കോൺഗ്രസ് എം അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.കെ. സന്തോഷ് കുമാർ, ഒളരിയിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ പ്ലാക്കാട്ട്, പുതൂർക്കരയിൽ ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിനോദ് കുറുവത്ത് എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. കോർപറേഷൻ കൃഷ്ണാപുരം സീറ്റിൽ സീറ്റ് സി.പി.ഐ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബീന മുരളി സ്വതന്ത്രയായി രംഗത്തുണ്ട്.
കടപ്പുറം പഞ്ചായത്തിലും യു.ഡി.എഫിന് ആറു പേർ വിമതരായി രംഗത്തുണ്ട്. ഗുരുവായൂരിൽ മുൻ നഗരസഭ വൈസ് ചെയർമാനാണ് വിമതനായി രംഗത്ത്. അരിമ്പൂരിൽ ബി.ജെ.പിക്കും വിമതശല്യമുണ്ട്.
രേഖകൾ ഹാജരാക്കിയില്ല; പത്രിക മാറ്റിവച്ചു, പിന്നീട് സ്വീകരിച്ചു
ഗുരുവായൂർ: ദേവസ്വത്തിൽ നിന്നുള്ള രേഖകൾ ഹാജരാക്കത്തതിനാൽ ഗുരുവായൂർ നഗരസഭ വാർഡ് 33 ലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.വി. ഉണ്ണിക്കൃഷ്ണന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ മാറ്റിവച്ചു.
ദേവസ്വത്തിലെ താത്കാലിക ജീവനക്കാരനായ ഉണ്ണിക്കൃഷ്ണൻ പിന്നീട് അനുമതിപത്രങ്ങൾ സമർപ്പിച്ചതോടെ പത്രിക സ്വീകരിച്ചു.
എൽ.ഡി.എഫ് വാർഡ് സെക്രട്ടറി സി.ആർ. രാകേഷാണ് ആക്ഷേപം ഉന്നയിച്ചത്. ഇക്കാര്യം പരിഗണിച്ച വരണാധികാരി പത്രിക സ്വീകരിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വരെ രേഖ സമർപ്പിക്കാൻ സമയം അനുവദിച്ചെങ്കിലും ഇന്നലെ വൈകീട്ട് 5 ന് മുമ്പ് തന്നെ ഗുരുവായൂർ ദേവസ്വത്തിൽ നിന്നുള്ള രേഖകൾ ഹാജരാക്കി.
സീറ്റ് ലഭിച്ചില്ല: സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം രാജിച്ചു
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനാൽ സി.പി.ഐ ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്.സന്തോഷ് രാജിവച്ചു. രണ്ട് തവണ തൃശൂർ കോർപറേഷനിൽ കോൺഗ്രസ് കൗൺസിലറായിരുന്ന ഇദ്ദേഹം കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് കൊടുക്കാതിരുന്നതിനാൽ തൈക്കാട്ടുശേരി ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കിയതോടെ സി.പി.ഐയിൽ ചേരുകയായിരുന്നു
ചാലക്കുടിയിൽ തിരിച്ചടി
ചാലക്കുടി: നാമ നിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയിൽ ചാലക്കുടി നഗരസഭയിലും കോടശേരി പഞ്ചായത്തിലും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് തിരിച്ചടി. നഗരസഭയുടെ മൂഞ്ഞേലി വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി ബിജു വില്ലനശേരിയുടെ പത്രിക തള്ളി. ബ്ലോക്ക് പഞ്ചായത്ത് കുറ്റിച്ചിറ ഡിവിഷനിലേയ്ക്ക് സമർപ്പിച്ച ബി.ജെ.പി സ്ഥാനാർത്ഥി കോമളം രവിയുടെ പത്രികയും തള്ളി. ഇവർ ചട്ടിക്കുളം ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഡമ്മിയായും പത്രിക നൽകിയിരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ വൈശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.എം.പോൾസൺ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ നിലവിലെ കരാറുകാരനാണെന്ന് രേഖപ്പെടുത്തിയത് പ്രതിസന്ധിയിലാക്കി. കരാറുകാരനല്ലെന്ന് തിങ്കളാഴ്ച തെളിയിച്ചില്ലെങ്കിൽ പോൾസന്റെ പത്രിക തള്ളുമെന്ന് റിട്ടേണിംഗ് ഓഫീസറായ പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു. അതിരപ്പിള്ളിയിലെ വാർഡ് എട്ടിൽ ലിജി,9 ൽ ജാനകി,14 ൽ ജയശ്രീ എന്നീ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പത്രികകളും വിവിധ കാരണങ്ങളാൽ തള്ളിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |