
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ 14 സ്ഥാനാർത്ഥികൾ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ജില്ലയിൽ എൽ.ഡി.എഫിന് ആത്മവിശ്വാസം പകർന്നു. ആന്തൂർ നഗരസഭയിൽ അഞ്ച്, മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ മൂന്ന്, കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ആറ് എന്നിങ്ങനെയാണ് സി.പി.എം എതിരില്ലാതെ വിജയിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നേ കൈയിലെത്തിയ ഈ വിജയങ്ങൾ പ്രചാരണത്തിൽ എൽ.ഡി.എഫിന് ഊർജം പകർന്നിട്ടുണ്ട്. എന്നാൽ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് എൽ.ഡി.എഫ് ജയം നേടിയതെന്നാണ് യു.ഡി.എഫിന്റെ പ്രതിരോധം. എതിരാളികളെ നാമനിർദേശം പിൻവലിക്കാൻ നിർബന്ധിതരാക്കുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്നും മുഖം രക്ഷിക്കാനുള്ള എൽ.ഡി.എഫ് തന്ത്രമാണിതെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ ആവർത്തിച്ചുള്ള ആക്ഷേപം.
തിരഞ്ഞെടുപ്പിന് മുമ്പെ അഞ്ചുപേരെ ജയിപ്പിച്ച് ആന്തൂർ
ആന്തൂർ നഗരസഭയിലെ 29 വാർഡുകളിൽ അഞ്ചിലും എതിരില്ലാതെ സി.പി.എം സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. മൊറാഴയിൽ കെ.രജിത, കോടല്ലൂരിൽ രജിത, തളിയിലിൽ കെ.വി.പ്രേമരാജൻ, പൊടിക്കുണ്ടിൽ കെ.പ്രേമരാജൻ, അഞ്ചാംപീടികയിൽ ടി.വി.ധന്യഎന്നിവരാണ് വിജയികൾ.
നാമനിർദേശകൻ പത്രികയിൽ ഒപ്പ് വച്ചില്ലെന്ന് രേഖാമൂലവും നേരിട്ടും മൊഴി നൽകിയതിനാൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയെന്നും സി.പി.എം നിർദേശിച്ച രണ്ടാമത്തെ സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയുമാണ് ചെയ്തതെന്നും വരണാധികാരി ഔദ്യോഗികമായും അറിയിച്ചു.
മലപ്പട്ടത്ത് മൂന്ന്
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ മൂന്നിടത്താണ് സി.പി.എം ജയിച്ചുകയറിയത്. അഡുവാപ്പുറം നോർത്തിൽ ഒതേനൻ, അഡുവാപ്പുറം സൗത്തിൽ സി.കെ.ശ്രേയ എന്നിവരാണ് ജയിച്ചത്. കൊവുന്തലയിൽ എം.വി.ഷിഗൻ വിജയിച്ചു.കൊവുന്തലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികാ ഫോറങ്ങളിലെ ഒപ്പുകളിൽ പ്രകടമായ വ്യത്യാസം കണ്ടെത്തിയതിനാൽ പത്രിക തള്ളിയെന്ന് വരണാധികാരി വ്യക്തമാക്കി.
ആറ് അംഗങ്ങളായി കണ്ണപുരത്ത് സി.പി.എമ്മിന് ഇനി വേണ്ടത് 2 ജയം
കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ ആറിലും എതിരാളികളില്ലാതെ സി.പി.എ സ്ഥാനാർത്ഥികൾ വിജയിച്ചു. അമ്പലപ്പുറത്ത് പി.ഉഷ , കണ്ണപുരം സെൻട്രലിൽ സജിന, ചെമ്മരവയലിൽ മോഹനൻ, തൃക്കോത്തിൽ കെ.പ്രേമ, ഇടക്കേപ്പുറം സൗത്തിൽ രീതി, ഇടക്കേപ്പുറം സെന്ററിൽ പി.വി.രേഷ്മ എന്നിവരാണ് വിജയികൾ.യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ നാമനിർദേശകരുടെ ഒപ്പ് തർക്കത്തിൽ തള്ളപ്പെട്ടതായി വരണാധികാരി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |