കോഴിക്കോട്: അച്ഛനും മകളും സ്ഥാനാർത്ഥികളായതോടെ കക്കോടി കരിമ്പിൽ വീട്ടിൽ ഇപ്പോൾ രാവും പകലും വോട്ടുചർച്ച. എൻ.ഡി.എ സ്ഥാനാർത്ഥികളായാണ് അച്ഛൻ കരിമ്പിൽ രാജനും മകൾ ജസ്നി കരിമ്പിലും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ബി.ജെ.പി ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറിയായ രാജൻ കക്കോടി പഞ്ചായത്തിലെ എട്ടാം വാർഡിലും മകൾ ജസ്നി ഏഴാം വാർഡിലുമാണ് ജനവിധി തേടുന്നത്. ജസ്നി മഹിളാമോർച്ച മണ്ഡലം കമ്മിറ്റി അംഗമാണ്. അപ്ഹോൾസറ്ററി ജോലി ചെയ്യുന്ന രാജൻ ആർ.എസ്.എസിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. ഏഴാം വാർഡിലെയും എട്ടാം വാർഡിലെയും വോട്ടർമാരുമായി അടുത്ത ബന്ധമുള്ള രാജൻ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബാലഗോകുലത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ജസ്നി കരിക്കാകുളം ട്വിങ്കിൾ സ്കൂളിലെ അദ്ധ്യാപികയാണ്. 2021ലുണ്ടായ ബൈക്കപകടത്തിൽ ഭർത്താവ് അനൂപ് മരിച്ചു. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ തളർന്നുപോയ ജസ്നി അതിജീവന വഴിയിലായിരുന്നു. മോണ്ടിസോറി കോഴ്സ് കഴിഞ്ഞ് അദ്ധ്യാപികയായി. ജസ്നിക്ക് രണ്ട് മക്കൾ. ജനസേവനത്തിന് അച്ഛനാണ് തന്റെ മാതൃകയെന്ന് ജസ്നി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |