കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ യു.ഡി.എഫ് വിമത സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പ്രതിക സമർപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പളളിവയൽ ഉന്നത സമ്മർദ്ദത്തെ തുർന്ന് മത്സരത്തിൽ നിന്ന് പിന്മാറി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് പത്രിക പിൻവലിച്ചത്. യാതൊരു കാരണവശാലും മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ജഷീർ പളളിവയൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തോമാട്ടുചാൽ ഡിവിഷനിൽ നിന്നുളള പിന്തുണയും ജഷീറിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണി വരെ മത്സരരംഗത്ത് നിലയുറപ്പിച്ച ജഷീറിനെ പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്കും ടി.സിദ്ധീഖ് എം.എൽ.എയും ഡി.സി.സി ഓഫീസിലേക്ക് വിളിച്ചുവരുത്തി നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്. മത്സരത്തിൽ നിന്ന് പിന്മാറുന്ന കാര്യം ജഷീർ രണ്ട് മണിയോടെ പ്രഖ്യാപിക്കുമെന്ന് ഇരുവരും അറിയിച്ചു. അതുപ്രകാരം താൻ മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ജഷീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എനിക്ക് മുറിവേറ്റു, എന്നാൽ എന്റെ പാർട്ടിക്ക് മുറിവേൽക്കരുത് എന്നായിരുന്നു ജഷീർ പളളിവയലിന്റെ വാക്കുകൾ. കോൺഗ്രസിന്റെ സമരമുഖത്തെ നിറസാന്നിദ്ധ്യമാണ് ജഷീർ പള്ളിവയൽ. പൊലീസ് മർദ്ദനത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. അടി വാങ്ങുന്ന ആൾക്ക് സീറ്റ് നിഷേധിച്ചെന്ന പരസ്യ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നിലവിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷൻ അംഗമാണ് ജഷീർ.
അഞ്ചുവർഷം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സംഷാദ് മരക്കാറിന് എവിടെയെങ്കിലും സീറ്റ് നൽകി വിമർശനം ഒതുക്കാൻ വേണ്ടിയാണ് ജില്ലാ നേതൃത്വം പനമരം ബ്ളോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിൽ സീറ്റ് നൽകിയത്. സംഷാദിനെ കേവലം ഒരു ബ്ളോക്ക് പഞ്ചായത്തിൽ ഒതുക്കിയതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അവിടെയും സംഷാദിനെ നേരിടാൻ വിമതനെത്തി. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിനു ജേക്കബാണ് വിമതനായി രംഗത്തുളളത്. ചില നേതാക്കളുടെ താത്പര്യപ്രകാരമാണ് തന്നെ ഒഴിവാക്കി സംഷാദിനെ പരിഗണിച്ചതെന്നും ഇത് അംഗീകരിക്കാൻ പറ്റില്ലെന്നും ബിനു ജേക്കബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ സംഷാദ് മരക്കാർ ജനപ്രിയനായെങ്കിലും വിമതൻ വെല്ലുവിളിയായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |