കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നലെ കഴിഞ്ഞതോടെ പോരാളികളുടെ ചിത്രം തെളിഞ്ഞു. ഇനി രാഷ്ട്രീയ പോരാട്ടത്തിന്റെ 15 നാളുകൾ. സ്ഥാനാർത്ഥി നിർണയത്തിലെ പൊരുത്തക്കേടുകൾ പറഞ്ഞ് തീർത്തും തീരാത്ത പ്രതിസന്ധികളെ തിരഞ്ഞെടുപ്പ് ഗോദയിൽ നേരിടാനുറച്ചുമാണ് മുന്നണികൾ. ഭരണത്തുടർച്ചയാണ് എൽ.ഡി.എഫിന്റെ ഉന്നം. അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. കഴിഞ്ഞ തവണത്തെ നേട്ടം തിളക്കമുള്ളതാക്കുകയാണ് എൻ.ഡി.എയുടെ ലക്ഷ്യം. പത്രിക സമർപ്പണത്തിന് മുമ്പെ സ്ഥാനാർത്ഥികളെ ഉറപ്പിച്ച് വീടുകൾ കയറിയും സോഷ്യൽ മീഡിയയിൽ ഓളമുണ്ടാക്കിയും മുന്നണികൾ പ്രചരണത്തിന് തുടക്കമിട്ടിരുന്നു. സ്വന്തം മുന്നണിക്ക് കിട്ടുന്ന വോട്ട്, മറ്റു രണ്ടു മുന്നണികൾ, സ്വതന്ത്രന്മാർ, വിമതർ എന്നിവർക്ക് കിട്ടുന്ന വോട്ടുകൾ എന്നിവ കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്ന പ്രവർത്തനങ്ങളിലായിരിക്കും വരുംനാളുകളിൽ ഓരോ മുന്നണിയും.
എൽ.ഡി.എഫ് ലക്ഷ്യം ഭരണത്തുടർച്ച
എന്നും കൂടെ നിന്ന വോട്ടർമാർ ഇക്കുറിയും കെെവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. വികസന നേട്ടങ്ങൾ വോട്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച നിലനിർത്താൻ കഴിയും എന്നുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. പരിചയ സമ്പന്നരായ ഒരു കൂട്ടം സ്ഥാനാർത്ഥികളെയാണ് കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. ചിലയിടങ്ങളിൽ വിമത ഭീഷണിയുണ്ടെങ്കിലും അനായാസം മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. മീഞ്ചന്ത ഡിവിഷനിൽ മത്സരിക്കുന്ന നിലവിലെ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദിനെയാണ് എൽ.ഡി.എഫ് കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
പലയിടത്തും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ഭരണം തിരിച്ചു പിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അഴിമതിയും വികസന മുരടിപ്പുമാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധം. വിമത ഭീഷണിയും പ്രാദേശിക സംഘടന ദൗർഭല്യവും നേരിടുന്നുണ്ടെങ്കിലും മറി കടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനു വോട്ടർപട്ടികയിൽ ഇടം നേടാതെ പോയത് യു.ഡി.എഫിനേറ്റ അപ്രതീക്ഷിത അടിയായിരുന്നു. കല്ലായി വാർഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് ക്ഷീണം ഒരു പരിധിവരെ തീർത്തത്.
സീറ്ര് ഇരട്ടിയാക്കാൻ എൻ.ഡി.എ
കോർപ്പറേഷനിൽ ഏഴ് സീറ്റ് നേടുകയും ഏഴ് സീറ്രിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത് മികച്ച നേട്ടം സ്വന്തമാക്കിയ എൻ.ഡി.എ പ്രതീക്ഷയോടെയാണ് രംഗത്തുള്ളത്. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ വോട്ടു പിടിക്കൽ. കോർപ്പറേഷനിൽ നിലവിലെ കൗൺസിലർമാരിൽ അഞ്ച് പേരും മത്സരരംഗത്തുണ്ട്. ഇക്കുറിയും സീറ്റുകളുടെ എണ്ണം കൂട്ടുക തന്നെയാണ് പ്രഥമ ലക്ഷ്യം. പ്രചാരണ രംഗത്ത് വലിയ ഓളം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം വോട്ടാക്കി മാറുമെന്ന കാര്യത്തിലാണ് മുന്നണിയ്ക്കുള്ളിൽ ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |