കോഴിക്കോട്: പോരാളികളുടെ കണക്കായി, ഇനി അങ്കംവെട്ട്. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കോഴിക്കോട് ജില്ലയിൽ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാർത്ഥികൾ. 2,984 പേർ പുരുഷൻമാരും 3,324 പേർ സ്ത്രീകളുമാണ്. കോഴിക്കോട് കോർപ്പറേഷനിൽ 150 പുരുഷൻമാരും 176 സ്ത്രീകളും ഉൾപ്പെടെ 326 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് 58 പുരുഷൻമാരും 50 സ്ത്രീകളും ഉൾപ്പെടെ 108 പേരാണ് ജനവിധി തേടുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 292 പുരുഷൻമാരും 312 സ്തീകളും ഉൾപ്പെടെ 604 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 4,408 പേരാണ് ജനവിധി തേടുന്നത്. ഇവരിൽ 2,085 പേർ പുരുഷൻമാരും 2,323 പേർ സ്ത്രീകളുമാണ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 399 പുരുഷൻമാരും 463 സ്ത്രീകളും ഉൾപ്പെടെ 862 പേർ മത്സര രംഗത്തുണ്ട്.
വിദ്യാർത്ഥികൾ ഇ.എൽ.സിയുടെ ഭാഗം
സ്‌കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ (ഇ.എൽ.സി) ഭാഗമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായിട്ടാണ് ക്ലബുകൾ പ്രവർത്തിക്കുന്നത്. യുവജനങ്ങളെ തിരഞ്ഞെടുപ്പ് അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും വോട്ടർ രജിസ്‌ട്രേഷൻ, വോട്ടിംഗ് തുടങ്ങിയ പ്രക്രിയകൾ പരിചയപ്പെടുത്താനും ക്ലബുകൾ സഹായിക്കുന്നു. സംസ്ഥാനത്ത് സ്‌കൂളിലും കോളേജുകളിലുമായി 1700 ലധികം ഇ.എൽ.സികൾ പ്രവർത്തിക്കുന്നുണ്ട്. അഗളി, അട്ടപ്പാടി, കോഴിക്കോട് മേഖലകളിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഇ.എൽ.സികളുടെ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.
എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് സ്‌കൂൾ കുട്ടികളുടെ സേവനം എലത്തൂർ ഇ.ആർ.ഒ ആവശ്യപ്പെട്ടതായ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ താൻ നേരിട്ട് ഇ.ആർ.ഒയുമായി സംസാരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അധ്യാപകരുടെ സമ്മതത്തോടെ പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇ.ആർ.ഒ ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |