പത്തനംതിട്ട : ജില്ലാപഞ്ചായത്ത് കോയിപ്രം ഡിവിഷനിൽ മത്സരിക്കുന്നവരെല്ലാം അദ്ധ്യാപികമാർ. എൽ.ഡി.എഫിന്റെ ഡോ.ദീപ മറിയം വറുഗീസ് കോളേജ് അദ്ധ്യാപികയെങ്കിൽ യു.ഡി.എഫിന്റെ നീതു മാമ്മൻ കൊണ്ടൂർ സ്കൂൾ അദ്ധ്യാപികയും ബി.ജെ.പിയുടെ ലളിത പ്രസാദ് വിരമിച്ച അങ്കണവാടി അദ്ധ്യാപികയുമാണ്. 2000 , 2020 വർഷങ്ങളിൽ എൽ.ഡി.എഫും പിന്നീട് യു.ഡി.എഫുമാണ് ഇവിടെ വിജയിച്ചത്.
ജില്ലാ പഞ്ചായത്തംഗമായിരുന്ന വർഗീസ് ജോർജിന്റെ മകളാണ് ദീപയെങ്കിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ മകളാണ് നീതു എന്ന കൗതുകവുമുണ്ട്. ഇരുവരും സുഹൃത്തുക്കളുമാണ്. . കോളേജ് അദ്ധ്യാപകനായ വർഗീസ് ജോർജിന്റെ ശിഷ്യനാണ് ജോർജ് മാമ്മൻ കൊണ്ടൂരെന്നത് മറ്റൊരു കൗതുകം. പ്രചാരണത്തിനിടയ്ക്ക് കണ്ടുമുട്ടിയ ശിഷ്യന്റെ മകളെ വർഗീസ് ജോർജ് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
ഡോ.ദീപ മറിയം വറുഗീസ്
ഇരവിപേരൂർ സെന്റ് ജോൺസ് എൽ.പി.എസ്, സെന്റ് മേരീസ് യു.പി.ജി.എസ്, സെന്റ് ജോൺസ് ഹൈസ്കൂൾ, തിരുവല്ല എം.ജി.എം എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനം ഡൽഹിയിൽ.സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എ യും,എം.ഫിലും ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി തുരുത്തിക്കാട് ബി.എ.എം കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ഗസ്റ്റ് ലക്ച്ചററാണ്.
പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് കോട്ടയം സെന്റർ ഫോർ റൂറൽ മാനേജ്മെന്റിൽ സംസ്ഥാന ഗവൺമെന്റിന്റെ പ്രോജക്റ്റ് നിർവഹിച്ചിട്ടുണ്ട്. തിരുവല്ല മാർത്തോമ്മ കോളേജിലെ അദ്ധ്യാപകനായിരുന്ന ഡോ.വർഗീസ് ജോർജിന്റെയും കോട്ടയം സി.എം.എസ് കോളേജ് വൈസ് പ്രിൻസിപ്പലായിരുന്ന ഡോ.റെയ്ച്ചൽ മാത്യുവിന്റെയും മകളാണ്.കുമ്പനാട് ചരുവുകാലയിൽ സുജോയി മാമൻ തോമസാണ് ഭർത്താവ്. മകൻ എട്ട് വയസുള്ള ജോർജ്.
നീതു മാമ്മൻ കൊണ്ടൂർ
കേരള വിദ്യാർത്ഥി യൂണിയനിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ചു തിരുവല്ല മാർത്തോമ്മ കോളേജ്, തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്‌കൂൾ പഠനകാലത്ത് കലാതിലകമായിരുന്നു. ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയാണ്. കെ.പി.സി.സിയുടെ കലാ സാംസ്‌കാരിക സാഹിത്യ വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന സെക്രട്ടറി.
പത്തോളം കവിതാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കെ.പി.സി.സി നിർവാഹക സമിതി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജോർജ് മാമ്മൻ കൊണ്ടൂരിന്റെയും ഇരവിപേരൂർ സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ഷീബ ജേക്കബിന്റേയും മകളാണ്.
ലളിത പ്രസാദ്
ഇരുപത്തൊന്നുവർഷം അങ്കണവാടി അദ്ധ്യാപികയായി പ്രവർത്തിച്ചു.
സംസ്ഥാനത്തെ മികച്ച അങ്കണവാടി അദ്ധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മൂന്നുവർഷം മുമ്പ് വിരമിച്ചു. സഹകാർ ഭാരതി വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകയുമാണ്. വുമൻ ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറുമാണ്.വള്ളംകുളം സ്വദേശിയാണ് ഭർത്താവ് വിമുക്ത ഭടൻ രാജേന്ദ്ര പ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |