
കൊച്ചി: 36-ാമത് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം തന്നെ പാളിച്ചകളുടേതായി മാറി. വേദികളുടെ ക്രമീകരണത്തിലും സൗകര്യത്തിലും വിധി നിർണയത്തിലും പോരായ്മകൾ. പല വേദികളും ഇടുങ്ങിയതാണെന്നതാണ് പ്രധാന പ്രശ്നം. കാണികളേറെയെത്തുന്ന വാശിയേറിയ ഹൈസ്കൂൾ, ഹയർ സെക്കൻഡറി നാടൻപാട്ട് മത്സരങ്ങൾ ക്രമീകരിച്ചത് സെന്റ് ആൽബർട്ട്സ് ടി.ടി.ഐയിലെ ഒരു ക്ലാസ് മുറിയിൽ. മത്സരാർത്ഥികളും വിധികർത്താക്കളും കുഴങ്ങി. ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല, സദസിന്റെ പിന്നിൽ ബഞ്ചുകളും ഡസ്കുകളും കൂട്ടിയിട്ടതോടെ സ്ഥലം പിന്നെയും കുറഞ്ഞു.
കാണികളും മത്സരാർത്ഥികളും വരാന്തയിൽ നിരന്നു. ചെറിയ സ്റ്റേജും മത്സരാർത്ഥികളെ വലച്ചു. എസ്കോർട്ടിംഗ് അദ്ധ്യാപകരടക്കം വാതിൽക്കൽ നിൽക്കേണ്ട സ്ഥിതി.
മത്സരാർത്ഥികൾക്ക് വേദിയിലേക്ക് കയറാനും തിരിച്ച് മടങ്ങാനും നന്നേ പ്രയാസപ്പെട്ടു. സ്വന്തം കുട്ടികളുടെ മത്സരം കാണാൻ സാധിക്കാതെ രക്ഷിതാക്കളും അദ്ധ്യാപകരും പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
വിധി നിർണയത്തേക്കുറിച്ചും പരാതി
പല ഇനങ്ങളുടെയും വിധി നിർണയത്തേക്കുറിച്ചും വ്യാപക പരാതികളുയർന്നു. വിധികർത്താക്കൾ തമ്മിൽ ചർച്ചകൾ പാടില്ലെന്ന് നിബന്ധനയുണ്ടെങ്കിലും ഇവിടെ അതെല്ലാം തെറ്റി. ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് വന്ന് വിധികർത്താക്കൾ കാര്യങ്ങൾ ചർച്ച ചെയ്തു. തോന്നിയ പോലെ മറ്റ് അദ്ധ്യാപകരോട് വർത്തമാനവും സൊറപറയലും. വിധികർത്താക്കളുടെ ഫോൺവിളിയെക്കുറിച്ചും വ്യാപക പരാതികൾ. പലരും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് പരാതി പറയുന്നതിലേക്ക് വരെ കാര്യങ്ങൾ നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |