തൃശൂർ: ദുബായിലെ മൾട്ടിനാഷണൽ കമ്പനികളുടെ യോഗാചാര്യനായിരിക്കെ ലക്ഷങ്ങളുടെ ശമ്പളം ഉപേക്ഷിച്ച് നാട്ടിൽ നെൽപ്പാടം വാങ്ങി കൃഷിയിറക്കി. തൊഴിലാളികളിലൊരാളായി വിതച്ചു, കൊയ്തു. ഒടുവിൽ ആ കൊയ്ത്തരിവാളും ചുറ്റിക നക്ഷത്രവുമുള്ള ചിഹ്നവുമായി വോട്ടു ചോദിക്കുകയാണ് കൈപ്പറമ്പ് പഞ്ചായത്ത് 20-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.എം.സുബീഷ്.
തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് സസ്യശാസ്ത്ര ബിരുദവും കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.ജി ഡിപ്ലോമ ഇൻ യോഗിക് സയൻസും പാസായി വിദേശത്തേയ്ക്ക് പറക്കുകയായിരുന്നു സുബീഷ്. ഒരു പതിറ്റാണ്ടോളം യോഗാചാര്യനായി ജോലി ചെയ്തു. വൻകിട കമ്പനികളിലെ 'ടെക്കി'കളുടേയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടേയും ആചാര്യനായി. 44 വയസിനിടെ നിരവധി രാജ്യങ്ങളിലുള്ള നൂറുകണക്കിനാളുകൾക്ക് യോഗയുടെ പാഠങ്ങൾ പകർന്നു. ചെറുപ്പത്തിലേ കൃഷിക്കാരനായിരുന്നെങ്കിലും അഞ്ചു വർഷം മുൻപാണ് കൃഷിയോടുള്ള കമ്പം കൂടിയത്. സമ്പാദിച്ച പണംകൊണ്ട് നെൽപ്പാടങ്ങൾ വാങ്ങിക്കൂട്ടി. തൊഴിലാളികൾക്കൊപ്പം കൃഷി ചെയ്യാനിറങ്ങി.
നഷ്ടക്കണക്കുകളുടെ 'ശീർഷാസനം'
കൊവിഡും പ്രളയവും വരൾച്ചയുമെല്ലാം നഷ്ടങ്ങളേറെയുണ്ടാക്കി. ജൈവകൃഷി ചെയ്തും പരമ്പരാഗത കൃഷിരീതികൾ തിരിച്ചുപിടിച്ചും കൃഷി തുടർന്നെങ്കിലും നഷ്ടക്കണക്കിൽ തലകുത്തി വീണ് 'ശീർഷാസന'ത്തിലായി. പക്ഷേ, എത്ര നഷ്ടമുണ്ടായാലും കൃഷി കൈവിടില്ലെന്നാണ് ഇടതുപക്ഷക്കാരനായ സുബീഷിന്റെ പക്ഷം. രാവിലെയും വൈകിട്ടും ഓൺലൈൻ യോഗാക്ലാസിലും ബാക്കിസമയം പാടത്തുമുണ്ടാകും സുബീഷ്. പുത്തൂർ പാണ്ടിയത്ത് മോഹനന്റെയും പരേതയായ രഹിതയുടെയും മകനാണ്. ഭാര്യ സ്മിത സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. മക്കൾ: അദ്വിധേയ, അനസ്യൂത് (വിദ്യാർത്ഥികൾ). സഹോദരൻ പി.എം.ലിബീഷ് (ദുബായ്).
യോഗയും കൃഷിയുമെല്ലാം നൽകുന്നത് മനസിന്റെ സംതൃപ്തിയാണ്. അതുകൊണ്ടാണ് കൃഷി ചെയ്യാനിറങ്ങിയത്. ഇനി ജനങ്ങൾക്കു വേണ്ടി കാർഷികമേഖലയിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് മത്സരിക്കുന്നത്.പി.എം. സുബീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |