കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി20യിൽ നിന്ന് പഞ്ചായത്ത് ഭരണം എങ്ങിനെയും പിടിച്ചെടുക്കാൻ കോ - സി (കോൺഗ്രസ് - സി.പി.എം) സഖ്യം. 21 വാർഡുള്ള കിഴക്കമ്പലത്ത് ഒരു വാർഡിൽ മാത്രമാണ് പാർട്ടി ചിഹ്നത്തിൽ സി.പി.എം മത്സരിക്കുന്നത്. നാല് വീതം വാർഡുകളിൽ കോൺഗ്രസും ബി.ജെ.പിയും സ്വന്തം ചിഹ്നത്തിലുണ്ട്. ചൂരക്കോട് വാർഡിൽ മാത്രമാണ് മൂന്ന് മുന്നണികളും ട്വന്റി20യും തമ്മിലുള്ള ബലപരീക്ഷ. മറ്റിടങ്ങളിൽ പൊതുസ്വതന്ത്രനെ പിന്തുണയ്ക്കുന്നെന്ന പേരിലാണ് ഒളിപ്പോരാട്ടം.
രഹസ്യധാരണയനുസരിച്ച് 14 വാർഡുകളിൽ യു.ഡി.എഫിന്റെ സ്വതന്ത്രന്മാർക്കും 7 വാർഡുകളിൽ എൽ.ഡി.എഫിന്റെ സ്വതന്ത്രന്മാർക്കും പരസ്പരം പിന്തുണ നൽകും. ഇരു മുന്നണി നേതാക്കളും ഒന്നിച്ച് പങ്കെടുക്കുന്ന കുടുംബ, വാർഡ് കൺവെൻഷനുകൾ നടന്നുവരികയാണ്. ട്വന്റി20 പാർട്ടിയുടെ ചിഹ്നമായ മാങ്ങയ്ക്ക് സമാനമായ ശംഖ് ചിഹ്നത്തിലാണ് പൊതുസ്വതന്ത്രന്മാരുടെ പോരാട്ടം.
ഇടത് - വലത് മുന്നണികൾ ഒരു സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുന്നു എന്ന വാദം തീർത്തും തെറ്റാണെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങൾ പറയുന്നു. വിജയസാദ്ധ്യതയുള്ളവർക്കുള്ള പിന്തുണ മാത്രമാണ് നൽകുന്നതെന്നാണ് വാദം. പത്തുവർഷമായി ട്വന്റി 20യാണ് കിഴക്കമ്പലം ഭരിക്കുന്നത്. നിലവിലെ 19 അംഗ കമ്മിറ്റിയിൽ 18 പേരും ട്വന്റി 20 അംഗങ്ങളാണ്. കോൺഗ്രസിന് ഒരു അംഗവും. ഇത്തവണ പഞ്ചായത്തിൽ 21 വാർഡുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |