വർക്കല: വിനോദസഞ്ചാര മേഖലയായ വർക്കലയിലും സമീപ പഞ്ചായത്തുകളിലും ലഹരി വില്പനയും ഉപയോഗവും വർദ്ധിക്കുന്നതായി പരാതി.അന്യസംസ്ഥാന സഞ്ചാരികളെ ലക്ഷ്യമിട്ട് ലഹരി വില്പനക്കാർ സജീവമാണ്.എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കളുടെ കടത്തലും ഉപയോഗവും വർദ്ധിച്ചിട്ടും പൊലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്നുള്ള നടപടികൾ ഫലം കാണുന്നില്ല.ഉറവിടം കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരി സ്രോതസുകൾ
ലഹരിയുടെ ചുവടുപിടിച്ചാണ് മസാജ് സെന്ററുകളിൽ പലതും പ്രവർത്തിക്കുന്നത്.ചില്ലറ വില്പനക്കാരും ഉപഭോക്താക്കളും പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിൽ അകപ്പെടുന്നതൊഴിച്ചാൽ ലഹരിലഭ്യതയ്ക്ക് കുറവ് വന്നിട്ടില്ല. ലഹരി ഉപയോഗിച്ചുള്ള വാഹനാപകടങ്ങളും വർദ്ധിക്കുന്നുണ്ട്. ക്യാമറാ നിരീക്ഷണം ശക്തമാക്കി പൊലീസ് കൺട്രോൾറൂം പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
ലഹരി മണക്കുന്ന വഴികൾ
തിരുവമ്പാടി, പാപനാശം മേഖലകളിൽ ഭക്ഷണശാലകളിലും റിസോർട്ടുകളിലും ലഹരിയെത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ പലരും പൊലീസിനും എക്സൈസിനും രഹസ്യവിവരങ്ങൾ കൈമാറുന്നവരും അധികാരകേന്ദ്രങ്ങളിൽ പിടിപാടുള്ളവരുമാണ്.ഇടവ ഗ്രാമപഞ്ചായത്തിലെ ഓടയം,മാന്തറ,കാപ്പിൽ എന്നിവിടങ്ങളിലും ഇലകമൺ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറ, ഹരിഹരപുരം എന്നിവിടങ്ങളിലും ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂർ,പനയറ, പാളയംകുന്ന് ഭാഗങ്ങളിലും ലഹരി വില്പന സംഘങ്ങൾ സജീവമാണ്. ചെറുന്നിയൂർ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമാണ്.
ഇരുളും അനുഗ്രഹം
കടൽത്തീരങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടില്ല.ഇരുളിൽ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംഘങ്ങളുടെ പരസ്യ മദ്യപാനവും ലഹരി തേടിയുള്ള അന്വേഷണവും നാട്ടുകാർക്ക് സ്ഥിരം കാഴ്ചയാണ്.മദ്യവില്പന കേന്ദ്രത്തിലും ഇവരുടെ തിരക്കുണ്ട്. ബിയർ ബോട്ടിലുകൾ റോഡിലെറിഞ്ഞ് പൊട്ടിക്കുന്നതും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതും സ്ഥിരം സംഭവമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |