ആലപ്പുഴ : മൈക്ക് പണിമുടക്കിയും ഫലത്തെച്ചൊല്ലിയും ചില്ലറ കല്ലുകടിയുണ്ടായെങ്കിലും നൃത്തഇനങ്ങളും ജനപ്രിയ ഇനമായ മിമിക്രിയും അരങ്ങു വാണ കലോത്സവത്തിന്റെ നാലാംദിനം കാണികൾക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി. നാലുദിവസങ്ങളിലായി പ്രധാനവേദിയായ ലിയോതേർട്ടീന്ത് എച്ച്.എസ്.എസ്സടക്കം നഗരത്തിലെ 12 വേദികളിലായി നടന്നുവന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
യു.പി വിഭാഗം നാടോടിനൃത്തത്തിൽ അപ്പീലുമായെത്തി ഫൈനൽ കോൾ വിളിയെത്തിയപ്പോൾ സ്റ്റേജിലേക്ക് ഓടിക്കയറി ആടിത്തിമിർത്ത് ഒന്നാമതെത്തിയ ആദ്രിക ആർ.രാജേഷായിരുന്നു ഇന്നലത്തെ സ്റ്റാർ. ട്രാഫിക് കുരുക്കിൽപ്പെട്ടതാണ് ആദ്രിക എത്താൻ വൈകാനിടയാക്കിയത്. വൃന്ദവാദ്യം,കോൽക്കളി മത്സരവേദികളിലാണ് ഇന്നലെ മൈക്ക് വില്ലനായത്. കോൽക്കളി മത്സരത്തിൽ ടീമുകളുടെ എണ്ണം കുറവായിരുന്നതും ആവേശത്തെ ബാധിച്ചു.
ലീയോ തേർട്ടീന്ത് എൽ.പി സ്കൂൾ വേദിയിൽ യു.പി വിഭാഗം തിരുവാതിര മത്സരഫലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വിധികർത്താക്കൾക്കെതിരെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. മത്സരം അവസാനിപ്പിക്കാനുള്ള ചുവന്ന ലൈറ്റ് തെളിഞ്ഞിട്ടും പ്രകടനം നിറുത്താതിരുന്നവർക്കാണ് ഒന്നുംരണ്ടും സ്ഥാനം ലഭിച്ചതെന്നായിരുന്നു ആരോപണം. സെന്റ് ആന്റണീസ് സ്കൂളിലെ വേദിയിൽ നടന്ന മിമിക്രിയും കാണികളെ ഹരം കൊള്ളിച്ചു.
ഇന്ന് വിവിധവേദികളിലായി കേരളനടനം, നാടകം, ദഫ് മുട്ട്, കഥാപ്രസംഗം, മൈം, വട്ടപ്പാട്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് പ്രധാനവേദിയായ ലീയോതേർട്ടീന്ത് സ്കൂളിൽ സമാപനസമ്മേളനം എ.ഡി.എം ആശ സി.എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത അദ്ധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി മോഹനചന്ദ്രൻ സമ്മാനദാനം നിർവഹിക്കും.
അവസാന ലാപ്പിൽ
ചേർത്തല മുന്നിൽ
കലോത്സവം അവസാന റൗണ്ടിലേക്ക് എത്തുമ്പോൾ, തുടക്കംമുതൽ ആധിപത്യം പുലർത്തിയ തുറവൂരിനെ പിന്നിലാക്കി ചേർത്തല ഉപജില്ല മുന്നിലെത്തി. 709 പോയിന്റാണ് ചേർത്തലയ്ക്കുള്ളത്. തുറവൂരിന് 708 പോയിന്റുമുണ്ട്. 682 പോയിന്റുമായി ആതിഥേയരായ ആലപ്പുഴയാണ് മൂന്നാമത്. മാവേലിക്കര (677), കായംകുളം (673) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്കൂളുകളിൽ 242 പോയിന്റോടെ മാന്നാർ നായർ സമാജം എച്ച്.എസ്.എസാണ് മുന്നിൽ. 176 പോയിന്റുമായി അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസാണ് രണ്ടാമത്.
പോയിന്റ് പട്ടിക
ചേർത്തല : 709
തുറവൂർ : 708
ആലപ്പുഴ : 682
മാവേലിക്കര : 677
കായംകുളം :673
ചെങ്ങന്നൂർ: 657
ഹരിപ്പാട് : 576
അമ്പലപ്പുഴ : 515
മങ്കൊമ്പ് : 431
തലവടി : 410
വെളിയനാട് : 128
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |