ഡിസംബർ ആറിന് മുഖ്യമന്ത്രി ജില്ലയിൽ
തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിക്കാൻ വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും. വിവിധയിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ നേതാക്കൾ പങ്കെടുക്കും. ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെത്തും. വൈകിട്ട് നാലിന് ശക്തൻ സ്റ്റാൻഡിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇടതുമുന്നണി വാർഡ് തല കൺവെൻഷനുകൾ പൂർത്തീകരിക്കുകയാണ്., 29 ന് വടക്കാഞ്ചേരി, മാള, ചാലക്കുടി എന്നിവിടങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പങ്കെടുക്കും. ഡിസംബർ രണ്ടിന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും മൂന്നിന് രമേശ് ചെന്നിത്തലയും ഏഴിന് കെ.സി. വേണുഗോപാലും ജില്ലയിലെത്തും. മൂന്നാംഘട്ട പ്രചാരണത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജില്ലയിലെത്തിയിരുന്നു. 29 ന് വൈകിട്ട് അഞ്ചിന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ഡി.എയുടെ വികസനരേഖാപ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
പുത്തൻ ട്രെൻഡിലൂടെ പ്രചാരണം
പ്രചാരണത്തിന് പുത്തൻ ട്രെൻഡുകളുമായി സ്ഥാനാർത്ഥികൾ.
സിനിമാപോസ്റ്ററുകളെ വെല്ലുന്ന പോസ്റ്ററുകളാണ് പുറത്തിറക്കുന്നത്.
നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ച് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിലവിലെ പോസ്റ്ററുകളിൽ 60 ശതമാനവും എ.ഐ സഹായത്തോടെ ഒരുക്കിയവയാണ്. ചിത്രത്തിനൊപ്പുമുള്ള വാചകങ്ങളിലും ഇവർ ശ്രദ്ധ പുലർത്തുന്നുണ്ട്. എ.ഐ ചിത്രങ്ങൾ അതേ മികവിൽ പ്രിന്റ് ചെയ്യുന്നതിന് വിലയേറിയ തിളക്കമുള്ള പേപ്പറുകളാണ് ഉപയോഗിക്കുന്നത്. മുന്നണികൾ മുഴുവൻ സ്ഥാനാർത്ഥികളെയും അവതരിപ്പിക്കുന്ന ബുക്ക്‌ലറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിചിഹ്നവും അഭ്യർത്ഥനാ നോട്ടീസുകളും വീടുതോറും വിതരണം ചെയ്യുന്നുണ്ട്.
പൊതുനിരീക്ഷകന് നൽകാം
2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ പൊതു നിരീക്ഷകന് നൽകാം. പരാതികളും നിർദ്ദേശങ്ങളും 9447039773 എന്ന ഫോൺ നമ്പറിലോ generalobservertsr@gmail.com എന്ന ഇമെയിൽ വിലാസത്തിലോ നൽകണം.
കുടുംബയോഗങ്ങൾ നടക്കുകയാണ്. നേതാക്കളും പ്രവർത്തകരുമെല്ലാം ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലാണ്.
കെ.വി. അബ്ദുൾഖാദർ, ജില്ലാ സെക്രട്ടറി, സി.പി.എം.
സംസ്ഥാനനേതാക്കൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നതോടെ പ്രചാരണപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.ജോസഫ് ടാജറ്റ്, ഡി.സി.സി. പ്രസിഡന്റ്
വികസനരേഖാപ്രകാശനം അടക്കമുളള വിപുലമായ പരിപാടികളാണ് വരുംദിവസങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ പ്രസിഡന്റ്, ബി.ജെ.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |