
ആറ്റിങ്ങൽ: ഒരുകാലത്ത് അഞ്ചുതെങ്ങ് ചീലാന്തിയും പ്ലാവും ഈട്ടിയുമടക്കം വിവിധയിനം തടികൊണ്ടുള്ള മരംഉരുപ്പടികളാൽ സമൃദ്ധമായിരുന്ന താലൂക്കിലെ സാമില്ലുകൾക്ക് താഴുവീഴുന്നു. വാതിലും ജനലും ഫർണിച്ചറുകളുമെല്ലാം തന്നെ മെറ്റലിലേക്ക് മാറി. തടിയിൽ തന്നെ വേണമെങ്കിൽ അത് റെഡിമെയ്ഡിൽ കുറഞ്ഞ വിലയിൽ കിട്ടും. ഗുണമോ ദൃഢതയോ പ്രശ്നമല്ലതാനും. മരംമുറിച്ച് ഫർണിച്ചറുകൾ വീടുകളിൽ തന്നെ നിർമ്മിച്ചിരുന്ന ചിറയിൻകീഴ് താലൂക്കിൽ ഒരുകാലത്ത് 65ൽ അധികം സാമില്ലുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രവർത്തനമില്ലെങ്കിലും ഇപ്പോൾ അവ തുറക്കുന്നതും ഇല്ലാതായി. അതിൽത്തന്നെ വല്ലപ്പോഴും മാത്രം പ്രവർത്തിക്കുന്ന മില്ലുകൾ 10ന് താഴെയാണ്. സാമില്ലുകൾ നടത്തിപ്പിലെ ഭീമമായ ചെലവും തൊഴിലില്ലായ്മയുമാണ് മില്ലുകളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്.
അധികൃതർ കനിയണം
നഗരസഭയുടെ ലൈസൻസ് ഫീ 5500 രൂപ പൊല്യൂഷൻ സർട്ടിഫിക്കറ്റ് 2000. ഫാക്ടറീസ് ആൻഡ് ബോയലേഴ്സിന് 5000, ഫയർലൈസൻസ് അങ്ങനെ ലൈസൻസ് ഫീസുകളുടെ പട്ടിക നീളുന്നു. വൈദ്യുതി ഉപഭോഗം 1700 രൂപ വരുന്ന ഗുണഭോക്താവിന് ഡിമാന്റ് ചാർജ് ഇനത്തിൽ 5800 കൂടിയുൾപ്പെടുത്തി 8500 രൂപയുടെ ബില്ലാണ് മിനിമം. ഒരു സാമില്ലിൽ 4 ജീവനക്കാർ വേണം. തടികൾ ഇറക്കാൻ രണ്ട് പേരും, അറുക്കുന്നതിന് 2 പേരും. ഇതിന് പ്രതിദിനം 5500 രൂപ ഉടമ കണ്ടെത്തണം. ജീവനക്കാർ മില്ലിലെത്തിയാൽ ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ശമ്പളം നൽകണം.തടി അറുക്കുന്നതിന് കൂലിയാണെങ്കിൽ ഒരു ക്യുബിക്ക് അടിക്ക് 100 രൂപയും. ആളുകൾ തടിയറുക്കുന്നത് കുറച്ചു കൊണ്ടുവരികയാണിപ്പോൾ.
തൊഴിലില്ലായ്മ
കേരളത്തിൽ നിന്ന് തടികൾ (ഉരുൾ) ലോഡുകണക്കിന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇതും തൊഴിലില്ലായ്മക്ക് കാരണമാകുന്നു. സാമില്ലുകളെ സംരക്ഷിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നാണ് മില്ലുടമകളുടെ പരാതി. വൈദ്യുതി ബില്ലിലെ ഡിമാൻഡ് ചാർജും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസൻസ് ഫീയും ഒഴിവാക്കിയാൽ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാമെന്നാണ് ഉടമകൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |