കൊച്ചി: ഡിസംബർ ഒൻപതിന് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. ജില്ലാ ഇലക്ഷൻ വിഭാഗവും ജില്ലാ ഭരണകൂടവും അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്. ഇതിനോടകം വോട്ടിംഗ് മെഷീൻ ബ്ലോക്ക് എ.ആർ.ഒമാർക്ക് കൈമാറി. നാളെയും മറ്റന്നാളുമായാണ് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് (സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പതിപ്പിക്കൽ). കമ്മീഷനിംഗിന് മുന്നേ എ.ആർ.ഒമാർ വോട്ടിംഗ് മെഷീനുകൾ അതത് ആർ.ഒമാർക്ക് കൈമാറും.
ഇ.വി.എം ട്രാക്ക് മാനേജ്‌മെന്റ് സിസ്റ്റം അനുസരിച്ചാണ് വോട്ടിംഗ് മെഷീനുകൾ കൈമാറുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് മെഷീനുകളുടെ വിവരങ്ങളും നമ്പറുകളും ഇ.വി.എം ട്രാക്ക് 2025ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സെക്ടറൽ ഓഫീസർമാർക്ക് പോളിംഗ് ബൂത്തുകളുടെ എണ്ണത്തിനനുസരിച്ച് 20 വോട്ടിംഗ് മെഷീനുകൾ വരെ അധികമായി നൽകും. വോട്ടിംഗ് മെഷീന് തകരാർ നേരിട്ടാൽ ബൂത്തിൽവച്ചു തന്നെ പകരം വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് നടത്തി പ്രവർത്തന സജ്ജമാക്കേണ്ടത് ഇലക്ടറൽ ഓഫീസർമാരാണ്.
പോളിംഗ് ബൂത്തുകളുടെ പരിശോധനകളും ഇതിനോടകം പൂർത്തിയാക്കി. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ പ്രശ്‌നബാധിത ബൂത്തുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യം ജില്ലയിലില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വോട്ടുറപ്പിക്കാൻ നെട്ടോട്ടം
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളുമെല്ലാം. ഒറ്റയ്ക്കും കൂട്ടമായുമെല്ലാം വീടുകൾ തോറും കയറിയിറങ്ങുന്ന സ്ഥാനാർത്ഥികളുടെയും കൂട്ടരുടെയും വോട്ട് അഭ്യർത്ഥന രാത്രി വൈകിയും തുടരും. ജോലിക്ക് പോകുന്ന ആളുകളുള്ള വീടുകളിൽ അവർ തിരികെയെത്തുന്ന സമയം നോക്കി വീടു കയറുന്ന പ്രചാരണ രീതിയാണ് എല്ലാവരും അവലംബിക്കുന്നത്.
നാട്ടിലില്ലാത്തവരെ ഫോണിലും മറ്റും ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം എത്തി വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനകളും സജീവം.
പര്യടനങ്ങൾ ഇന്ന് മുതൽ
പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ വാർഡുതലത്തിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി സ്ഥാനാർത്ഥികൾക്ക് വാഹന പര്യടനങ്ങൾ ഉണ്ടാകില്ല. പകരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥികളുടെ പര്യടനമാണ് ഉണ്ടാകുക.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിപര്യടനം എല്ലാ വാർഡിലും വിവിധ പോയിന്റുകളിലാകും സജ്ജീകരിക്കുക. ഇതിനൊപ്പമാകും വാർഡുതല സ്ഥാനാർത്ഥികൾ പര്യടനം നടത്തുക.
സ്‌ക്വാഡ് പ്രവർത്തനങ്ങൾ സജീവം
വീടുകൾ തോറും കയറിയിറങ്ങിയുള്ള സ്‌ക്വാഡ് പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. അന്തിമ വോട്ടർ പട്ടികയുമായാണ് പ്രവർത്തകർ വീടുകൾ കയറുന്നത്. ലിസ്റ്റിലുള്ള വോട്ടർമാർ ഉണ്ടോയെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പാർട്ടി, മുന്നണി, സ്ഥാനാർത്ഥി അഭ്യർത്ഥനകളുമായി ഇതിനോടകം ഓരോ വീട്ടിലും മൂന്ന് റൗണ്ടിലേറെ തവണ പാർട്ടി പ്രവർത്തകർ എത്തി. വോട്ടർമാർക്കുള്ള സ്ലിപ്പുകളുമായി ഒരിക്കൽ കൂടി ഇവർ വീടുകൾ കയറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |