ആലപ്പുഴ : 2027ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പുനർനിർമ്മിക്കുന്ന ജില്ലാകോടതിപ്പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുന്നു. മത്സ്യകന്യക ശില്പം പൊളിക്കുന്നതും വാട്ടർ അതോറിട്ടി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈകിയിരുന്ന പ്രവൃത്തികൾ ഇപ്പോൾ പൂർണതോതിലാണ്.
നിലവിൽ 27 ശതമാനം നിർമ്മാണപ്രവർത്തനങ്ങളാണ് പൂർത്തിയായത്. മത്സ്യകന്യക ശില്പം പൊളിച്ചതോടെ ഇവിടെ പൈലിംഗ് ജോലികൾ ആരംഭിച്ചു. കനാലിന്റെ തെക്കേക്കരയിലും വിവിധ ജോലികൾക്ക് തുടക്കമായി. റാമ്പ് റോഡിന്റെയും ഫ്ലൈ ഓവറിന്റെയും ജോലികളാണിപ്പോൾ ഇവിടെ നടക്കുന്നത്.
റോഡ് പൂർണമായും അടക്കാതെ വാഹനങ്ങൾ കടത്തിവിടുന്ന തരത്തിൽ ജോലികൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം. ജില്ലാക്കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിനുള്ള പ്രാഥമിക ജോലി 2024 നവംബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പഴയ പാലം പൊളിച്ചുനീക്കാൻ തുടങ്ങി. തുടർന്ന്, നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. നിലവിൽ 120.52 കോടിയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നതെങ്കിലും ഇതിന് മാറ്രം വരാൻ സാദ്ധ്യതയുണ്ട്.
റൗണ്ട് ടേബിൾ മാതൃകയിലുള്ള പാലം പൂർത്തിയാകുമ്പോൾ ഇരുകരകളിലും മൂന്ന് ലൈൻ വീതമുള്ള ഗതാഗതസൗകര്യമാണുണ്ടാവുക. 5.5മീറ്റർ വീതിയിൽ മേൽപ്പാലവും 7.5മീറ്റർ വീതിയിൽ അടിപ്പാതയും പുറത്ത് 5.5 മീറ്റർ വീതിയിൽ റാമ്പുകളുമുണ്ടാകും.
2027ൽ പൂർത്തിയാകും
ആദ്യം നിശ്ചയിച്ച സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകില്ല
2026 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
ഇപ്പോഴത്തെ സാഹചര്യത്തിൽ 2027 മാർച്ചോടെ നിർമ്മാണം പൂർത്തിയായേക്കും
മത്സ്യകന്യക ശില്പം പൊളിച്ചുമാറ്റുന്നത് വൈകിയത് നിർമ്മാണത്തെ ബാധിച്ചു
ആകെ പൈലിംഗുകൾ :168
പൂർത്തിയായത് : 91
ആകെ ഗർഡറുകൾ- 174
പൂർത്തിയായത്- 16
പാലത്തിന്റെ നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങി. നിർമ്മാണം പൂർണ തോതിൽ ആരംഭിച്ചു. പാലം 2027ൽ പൂർത്തിയാകും
- കെ.ആർ.എഫ്.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |