കൊല്ലം: ജില്ലയിൽ നിരവധിപേരെത്തുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അഡ്വഞ്ചർ പാർക്കിലെ പുതിയ ബോട്ട് ജെട്ടിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ഡെക് സ്ലാബിടൽ പൂർത്തിയായി. തൂണുകൾ ഇടുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തൂണിനുള്ള കമ്പികൾ കെട്ടിക്കഴിഞ്ഞു.
മേൽക്കൂര, തറയോട് പാകൽ തുടങ്ങിയവയാണ് ബാക്കിയുള്ളത്. യാത്രാ ബോട്ടുകൾ എത്തുന്ന ഭാഗത്ത് 19.2 മീറ്റർ നീളമാണ് ബോട്ട് ജെട്ടിക്കുള്ളത്. കൂടാതെ പാർക്കിലെ ജലകായിക വിനോദങ്ങൾക്കുള്ള ബോട്ടുകൾ അടുപ്പിക്കാനായി 30 മീറ്റർ നീളമുള്ള ബോട്ട് ജെട്ടിയും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്.
കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്ന ബോട്ട് ജെട്ടി പൂർണമായി പൊളിച്ച് നീക്കി ആറുമാസം മുമ്പായിരുന്നു നിർമ്മാണം ആരംഭിച്ചത്. അടുത്തവർഷം മാർച്ചോടെ പണി പൂർത്തിയാക്കണം. എം.മുകേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 98 ലക്ഷം വിനിയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്.
ഒരേസമയം മൂന്ന് ബോട്ടുകൾക്ക് അടുക്കാം
പഴയ ബോട്ട് ജെട്ടിയിൽ ഒരു സമയം ഒരു ബോട്ട് മാത്രമേ അടുപ്പിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ പുതിയ ബോട്ട് ജെട്ടിയിൽ ഒരേ സമയം മൂന്ന് യാത്രാ ബോട്ടുകൾക്ക് അടുക്കാനാകും. ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് നിർമ്മാണ ചുമതല.
പുതിയ ബോട്ട് ജെട്ടിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2026 ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |