കോഴിക്കോട്: എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ പ്രതിസന്ധിയിലാണെന്നും രണ്ട് മുന്നണികൾക്കും മുഖം നഷ്ടപെട്ടുവെന്നും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫിനെതിരെ കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയർന്നുവരികയാണെന്നും യു.ഡി.എഫിന് നിവർന്നു നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷം പ്രതിരോധത്തിലാണെങ്കിൽ പ്രതിപക്ഷം പ്രതിക്കൂട്ടിലാണെന്നും കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സ്വർണപാളി തട്ടിപ്പ് കേസിൽ സത്യം പുറത്ത് വരാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ താത്പര്യമില്ല. ഇ.ഡി അന്വേഷണം മുന്നോട്ട് പോയാൽ പ്രതികളുടെ അപ്പുറത്തേക്ക് അതെത്തുമെന്ന ഭയമാണ് സർക്കാറിനുള്ളത്. അന്വേഷണ സംഘത്തിന് വിലങ്ങ് വെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു യു.ഡി.എഫ് എം.എൽ.എയ്‌ക്കെതിരെ ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടി വന്നിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം എം.എൽ.എ യെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുന്നണികളും തീവ്രവാദ ശക്തികളുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് പരസ്യമായി ജമാഅത്തെ ഇസ്ലാമിയയുമായി സഖ്യത്തിലാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർത്ഥിത്വം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയർന്നിരിക്കുകയാണ്. മതേതര നിലപാടിന്റെ വക്താവാണെന്ന് അറിയപ്പെടുന്ന പാണക്കാട് തങ്ങളാണ് ഈ പ്രഖ്യാപനം നടത്തിയതെന്നത് ആശങ്ക ഉളവാക്കുന്നു അദ്ദേഹം പറഞ്ഞു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി. സജിത്ത്, എ. ബിജുനാഥ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |