
തൃശൂർ: ബാബറി മസ്ജിദ് തകർത്തതിന്റെ അഞ്ചാം വാർഷിക ദിനമായ 1997 ഡിസംബർ ആറിന് തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഇന്നും കാണാമറയത്ത്. ചെന്നൈ ആലപ്പുഴ എക്‌സ്പ്രസിലെ സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 55 പേർക്ക് പരിക്കേറ്റു. മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശിയായ അയൂബ് എന്ന അഷറഫ് അലിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞിരുന്നു. കേരള പൊലീസിന് കണ്ടെത്താനാകാതെ വന്നതോടെ 2023 സെപ്തംബറിൽ എൻ.ഐ.എ കേസ് ഏറ്റെടുത്തു. 28 വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. 2025 ജൂണിൽ അഷറഫ് അലിക്കായി തമിഴ്‌നാട് ഭീകരവിരുദ്ധ സ്‌ക്വാഡും വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തൃശൂരിലേതിന് സമാനമായി തിരുച്ചിറപ്പിള്ളിയിലും ഈറോഡും സ്‌ഫോടനം നടന്നു. സ്‌ഫോടനങ്ങളിൽ തൃശൂരിലെ നാല് പേർ ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ നിന്നും പുറപ്പെട്ട മൂന്ന് ട്രെയിനുകളിൽ ടൈം ബോംബ് ഘടിപ്പിച്ചായിരുന്നു സ്‌ഫോടനങ്ങൾ. തിരുച്ചിറപ്പള്ളിയിൽ ചെന്നൈ മധുരപാണ്ഡ്യൻ എക്‌സപ്രസിലും ഈറോഡിൽ ചെന്നൈ കോയമ്പത്തൂർ ചേരൻ എക്‌സ്പ്രസിലുമാണ് സ്‌ഫോടനമുണ്ടായത്. ഇവിടങ്ങളിൽ നിന്നും ലഭിച്ച ലഘുലേഖകളിൽ നിന്നാണ് 'ഇസ്ലാമിക് ഡിഫൻസ് ഫോഴ്‌സ്' സംഘടനയാണ് ഉത്തരവാദികളെന്ന് വ്യക്തമായത്.
എൻ.ഐ.എയുടെ കൈയിൽ
കോഴിക്കോട് ട്രെയിൻ തീവയ്പ് കേസ് ഉൾപ്പെടെയുള്ളതിന്റെ പശ്ചാത്തലത്തിലാണ് രണ്ടരപതിറ്റാണ്ടിന് ശേഷം ട്രെയിൻ സ്‌ഫോടനക്കേസ് എൻ.എ.എ ഏറ്റെടുത്തത്. കേരള പൊലീസിന് പിടികൂടാൻ കഴിയാതിരുന്ന സാഹചര്യവും തമിഴ്‌നാട്ടിലെ പ്രതികളെ വെറുതെവിട്ട പശ്ചാത്തലവും വിലയിരുത്തിയായിരുന്നു ഇടപെടൽ. കേരളത്തിൽ പ്രത്യേക പൊലീസ് സംഘത്തിനും തമിഴ്‌നാട്ടിൽ സി.ബി.സി.ഐ.ഡിക്കുമായിരുന്നു അന്വേഷണം. 10 പ്രതികളെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും സൂത്രധാരൻ അയൂബ് ഒളിവിൽ പോയി. പ്രതികളിലൊരാൾ മരിച്ചു. ഗൂഢാലോചന തെളിയിക്കാനാകാത്തതിനാൽ 2010 ൽ പ്രത്യേക കോടതി എട്ട് പ്രതികളെയും വെറുതെ വിട്ടു.
ടൈമിംഗ് തെറ്റി
ചാലക്കുടിപ്പുഴയ്ക്ക് മുകളിലൂടെ ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ് പോകുമ്പോൾ ബോംബ് പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ടൈം ബോംബ് ക്രമീകരിച്ചിരുന്നത്. എന്നാൽ 40 മിനിറ്റോളം വൈകിയതിനാൽ സ്‌ഫോടനം തൃശൂർ സ്റ്റേഷനിൽ നിറുത്തിയിട്ടപ്പോഴായി. ഇതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു. ആർ.ഡി.എക്‌സും ജലാറ്റിൻ സ്റ്റിക്കും ടൈമറും ഉപയോഗിച്ചാണ് ബോംബുകൾ നിർമ്മിച്ചത്.
തൃശൂരിൽ കൊല്ലപ്പെട്ടവർ
1. പാലക്കാട് പേരൂർ മൂലയംപറമ്പ് സ്വദേശി മണികണ്ഠൻ (25)
2. വാടാനപ്പിള്ളി എടശ്ശേരി സ്വദേശി സണ്ണി (22)
3. ആലപ്പുഴ മണ്ണഞ്ചേരി തൈവള്ളിയിൽ സ്വദേശി ടി.ആർ.ഗോപിനാഥപിള്ള (43)
4. എറണാകുളം കണ്ണമാലി തോട്ടുകടവിൽ സ്വദേശിനി ചിന്നമ്മ (63) സ്‌ഫോടനത്തിൽ ഗുരുതര പരിക്കേറ്റ ഇവർ പിറ്റേദിവസമാണ് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |