ആറ്റിങ്ങൽ: കലോത്സവപ്പോരിൽ മികച്ച സ്കൂളിനുള്ള കപ്പ് ഉയർത്തിയത് നന്ദിയോട് എസ്.കെ.വി. എച്ച്.എസ്. 335 പോയിന്റുമായാണ് ഗ്രാമപ്രദേശത്തെ ഈ വിദ്യാലായം ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായത്. രണ്ടു പതിറ്റാണ്ടിലേറെയായി വഴുതക്കാട് കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളായിരുന്നു മികച്ച സ്കൂളിനുള്ള കിരീടം സ്വന്തമാക്കിയിരുന്നത്. ഇത്തവണ 253 പോയിന്റുനേടിയ കാർമ്മൽ രണ്ടാം സ്ഥാനത്തായി.77 ഇനങ്ങളിലായി 212 മത്സരാർത്ഥികളെ പങ്കെടുപ്പിച്ചാണ് നന്ദിയോട് എസ്.കെ.വി.എച്ച്.എസ് അവരുടെ കലാചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്.
ആഗസ്റ്റിൽ നടന്ന സ്കൂൾ കലോത്സവം മുതൽ കുട്ടികൾക്ക് നൽകിയ ചിട്ടയായ പരിശീലനമാണ് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മലയോര ഗ്രാമീണ മേഖലയിലെ സ്കൂളിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. കുട്ടികൾക്ക് കരുത്തായി അദ്ധ്യാപകരും രക്ഷിതാക്കളും നിലകൊള്ളുകയും ചെയ്തു. യക്ഷഗാനം പോലുള്ള മത്സരങ്ങൾക്ക് കാസർകോട് നിന്നും ഉൾപ്പെടെ പരിശീലകരെ എത്തിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ഫീസൊന്നും വാങ്ങിയില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.ഹയർ സെക്കൻഡറി അദ്ധ്യാപകൻ അനീഷും യു.പി സ്കൂൾ അദ്ധ്യാപകൻ അർജുനും സബ് ജില്ലാ തലം മുതൽ കുട്ടികളുടെ കൂടെ പരിശീലനത്തിനും കലോത്സവ വേദികളിലും നിഴലായുണ്ടെന്ന് രക്ഷിതാകൾ സാക്ഷ്യപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |