
വിഴിഞ്ഞം: കോവളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി കോവളത്തെ ഒരു പ്രീമിയം ബീച്ച് വിനോദ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യം.
പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ടൂറിസം ഹോസ്പിറ്റാലിറ്റി സംഘടനകൾ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, കേരള ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ,കേരള ട്രാവൽ മാർട്ട് സൊസൈറ്റി,അസോസിയേഷൻ ഒഫ് ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് ഒഫ് ഇന്ത്യ എന്നിവർ ചേർന്ന് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. സമീപകാലത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെയാണ് നീക്കം. 2024ൽ 79,043 പേർ സന്ദർശിച്ച കോവളം, സംസ്ഥാനത്തെ മികച്ച 10 സ്ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
വെല്ലുവിളികളേറെ
പാർപ്പിട സൗകര്യങ്ങളുടെ അപര്യാപ്തത, അറ്റകുറ്റപ്പണികൾ നടത്താത്ത റോഡുകൾ, വൃത്തിയുള്ള പൊതു ടോയ്‌ലെറ്റുകളുടെ അഭാവം, മലിനജല മാനേജ്‌മെന്റ്, മാലിന്യ നിർമ്മാർജനം എന്നിവ വെല്ലുവിളി ഉയർത്തുന്നുണ്ട്. സ്റ്റാർ ഹോട്ടലുകൾ ബിസിനസിലേക്ക് വരുന്നുണ്ടെങ്കിലും, 10-20 മുറികളുള്ള ചെറിയ ഹോട്ടലുകൾക്കാണ് പരിഗണന നൽകുന്നത്. ടാസ്‌ക് ഫോഴ്സ് തയാറാക്കിയ ആശയങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്നും ഇവർ പറഞ്ഞു.
സംഘടനകളുടെ നിർദ്ദേശങ്ങൾ
വ്യവസായവും നൈറ്റ്‌ലൈഫും മെച്ചപ്പെടുത്തണം, സർഫിംഗ് പ്രോത്സാഹിപ്പിക്കണം,
വിനോദമേഖലകൾ സൃഷ്ടിക്കുന്നതിന് പൂൾ ബെഡുകൾ സ്ഥാപിക്കണം.
തിരക്ക് വർദ്ധിപ്പിക്കുന്നതിനായി നൈറ്റ്‌ലൈഫ് സംഘടിപ്പിക്കണം.
ഒരു മാസം നീണ്ടുനിൽക്കുന്ന കോവളം ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കണം
കോവളത്തെ ഒരു പ്രധാന ടൂറിസം മേഖലയായി സർക്കാർ പ്രഖ്യാപിക്കുകയും പ്ലാസ്റ്റിക് രഹിതമാക്കുകയും ചെയ്യണം
അന്താരാഷ്ട്ര ടൂറിസം പരിപാടികൾ സർക്കാർ നടത്തണം.
ഗതാഗതം സുഗമമാക്കുന്നതിനായി വൺവേ റൂട്ടുകളിലേക്കുള്ള പുതിയ റോഡുകൾ നിർമ്മിക്കുക,
പാതകൾ വീതികൂട്ടുകയും പുനഃർനിർമ്മിക്കുകയും ചെയ്യുക,
വെളിച്ചം മെച്ചപ്പെടുത്തുക, വൈദ്യുതി കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |