
കോട്ടയം : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 71 പഞ്ചായത്തുകളിൽ 50 സീറ്റ് നേടി യു.ഡി.എഫിനെ ഞെട്ടിച്ച എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിലും വൻവിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ അഞ്ചുവർഷം മുന്നേയുള്ള സ്ഥിതിയല്ല ഇപ്പോഴെന്നും ഭൂരിപക്ഷം പഞ്ചായത്തുകളും തിരിച്ചുപിടിക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. കഴിഞ്ഞ തവണ ലഭിച്ച രണ്ടു പഞ്ചായത്തുകളുടെ സ്ഥാനം രണ്ടക്കമാക്കി ഉയർത്തുമെന്ന് എൻ.ഡിഎയും അവകാശപ്പെടുന്നു. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിന് മേൽക്കൈ നേടാനായത്. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവും കേരള കോൺഗ്രസ് (എം) യു.ഡി.എഫിലെന്ന് കരുതി രണ്ടില ചിഹ്നത്തിൽ പലരും വോട്ടുചെയ്തതാണ് കഴിഞ്ഞ തവണത്തെ തോൽവിയ്ക്ക് കാരണമെന്ന ന്യായീകരണമാണ് യു.ഡി.എഫ് നേതാക്കൾ നിരത്തുന്നത്.
ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ എട്ടിൽ ആറ് സീറ്റും നേടി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് നേട്ടമായി എൽ.ഡി.എഫ് പറയുമ്പോൾ ഉമ്മൻചാണ്ടിയുടെ മരണ ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷം നേടിയതും പല പഞ്ചായത്തുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് മുന്നിലെത്താൻ കഴിഞ്ഞതും മാറ്റത്തിന്റെ സൂചനയാണെന്നും അവർ അവകാശപ്പെടുന്നു.
പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിലായിരുന്നു എൻ.ഡി.എ ജയം. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരെ പലയിടത്തും സ്ഥാനാർത്ഥികളാക്കിയുള്ള പരീക്ഷണം വഴി ന്യൂന പക്ഷ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്നതിന്റെ പ്രയോജനം പല പഞ്ചായത്തുകളിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി
പാർട്ടി ചിഹ്നങ്ങൾക്ക് പകരം സ്വതന്ത്ര ചിഹ്നം വഴി എല്ലാ വിഭാഗക്കാരുടെയും വോട്ടുറപ്പിക്കാൻ മൂന്നു മുന്നണികളും ശ്രമിക്കുന്നു. റബർ വിലയിടിവ്, നെല്ല് സംഭരണം അടക്കം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, വന്യമൃഗ ആക്രമണം, സിൽവർലൈൻ സ്ഥലമെടുപ്പ്, ഗ്രാമീണ റോഡ് തകർച്ച തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാണ്.
ഇതിനോടകം സ്ഥാനാർത്ഥികൾ ഓരോ വീടുകളിലും നിരവധിത്തവണ വോട്ടുതേടിയെത്തി. പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ തലങ്ങും വിലങ്ങും അനൗൺസ്‌മെന്റ് വാഹനങ്ങളും പായുകയാണ്.
പ്രതീക്ഷകൾ വാനോളം
2020 ലെ വിജയം ആവർത്തിച്ചില്ലെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഉയർന്ന ലൈഗിംകാരോപണവും ചർച്ചയാക്കുന്നു
കഴിഞ്ഞ തവണത്തെ ക്ഷീണം ഉണ്ടാകില്ലെന്നും വൻമുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും, ശബരിമല സ്വർണ്ണക്കൊള്ളയടക്കം ചർച്ചയാക്കി യു.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നു.
കേന്ദ്രസർക്കാർ പദ്ധതികൾ ഉയർത്തിക്കാട്ടി വികസനം ചർച്ചയാക്കിയാണ് എൻ.ഡിഎയുടെ പ്രചാരണം. കൂടുതൽ പഞ്ചായത്തുകളിൽ സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം.
സ്വതന്ത്രർ വിജയിച്ചാൽ മിക്ക പഞ്ചായത്തുകളും ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കുന്നതിൽ ഇവർ നിർണായക ശക്തിയാകുമെന്നതാണ് മുന്നണികളെ അലട്ടുന്ന പ്രശ്നം.
2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം
എൽ.ഡി.എഫ് : 50
യു.ഡി.എഫ് : 19
എൻ.ഡി.എ : 2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |